Asianet News MalayalamAsianet News Malayalam

നവകേരള സദസ്; സ്കൂൾ ബസ് വിട്ടുകൊടുക്കണമെന്ന ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെതിരെ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് നടപടി. കാസർകോട് സ്വദേശി നൽകിയ പരാതിയിലാണ് ഉത്തരവ്. 

High Court stayed the order to hand over school bus School bus for Nava Kerala Sadas nbu
Author
First Published Nov 21, 2023, 12:39 PM IST

കൊച്ചി: നവകേരളയാത്രയ്ക്കായി സ്കൂൾ ബസുകൾ വിട്ട് നൽകാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കോടതി അനുമതി ഇല്ലാതെ ബസ് വിട്ട് നൽകരുതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. സ്കൂൾ ബസുകൾ പൊതുയാത്രയ്ക്ക് ഉപയോഗിക്കാൻ മോട്ടോർ വാഹന നിയമം അനുവദിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാൻ കോടതി സർക്കാരിന് നിർദ്ദേശം നൽകി.

നബംവർ 18 മുതൽ ഡിസബംർ 23 വരെ നവകേരള സദസിന്‍റെ സംഘാടകർ ആവശ്യപ്പെട്ടാൽ സ്കൂൾ ബസ് വിട്ട് നൽകണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടത്. ആരാണ് ഈ സംഘാടക സമിതി എന്നും അവർ ആവശ്യപ്പെട്ടാൽ പൊതു ആവശ്യമാകുമോ എന്നും ചോദിച്ചാണ് കോടതി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്തതത്. സ്കൂൾ ബസ്സുകൾ കുട്ടികളുടെ സുരക്ഷയ്ക്കും യാത്രയ്ക്കും വേണ്ടിയാണ്. അത് മുതിർന്ന യാത്രക്കാരെ കൊണ്ടുപോകാനോ, വിദ്യാഭ്യാസേതര ആവശ്യത്തിനും ഉപയോഗിക്കാൻ നിയമം അനുശാസിക്കുന്നുണ്ടോ ഇക്കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് കോടതി ഇടക്കാല ഉത്തരവിൽ പറ‌ഞ്ഞു. ഇത് വിശദീകരിച്ച ശേഷം മാത്രമേ ബസുകൾ വിട്ട് നൽകാമോ എന്ന് തീരുമാനിക്കാൻ കഴിയുകയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

കാസർകോട് സ്വദേശിയായ രക്ഷിതാവാണ് സർക്കുലർ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. പ്രവർത്തി ദിവസം ബസ് വിട്ടുനൽകാനള്ള നിർദേശം സ്കൂളിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നും മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം സ്കൂൾ  ബസുകൾ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിഷ്കർഷിക്കുന്നുണ്ടെന്നും കോടതിയെ അറിയിച്ചു. ബസ് വിട്ട് കൊടുക്കാനുള്ള ഉത്തരവ് നിയമവിരുദ്ധമാണെന്നും ഹർജിക്കാരൻ വാദിച്ചു. ഹർജി അടുത്ത തിങ്കളാഴ്ച കോടതി വീണ്ടും പരിഗണിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

Follow Us:
Download App:
  • android
  • ios