Asianet News MalayalamAsianet News Malayalam

തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി

ഡിജിപി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി. 

High Court to provide free treatment for those who got bite by stray dogs
Author
First Published Sep 16, 2022, 3:56 PM IST

കൊച്ചി:  തെരുവുനായയുടെ കടിയേൽക്കുന്നവർക്ക് സർക്കാർ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ തെരുവുനായ ശല്ല്യം രൂക്ഷമായ പശ്ചാത്തലത്തിൽ ചേ‍ർന്ന പ്രത്യേക സിറ്റിംഗിലാണ് കോടതി പരമാർശം. തെരുവുനായ്ക്കളെ കൊല്ലുന്നതിനെതിരെ ഹൈക്കോടതി നിർദ്ദേശപ്രകാരം ഡി ജി പി സർക്കുലർ ഇറക്കിയെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു.  

തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കർശന നടപടി വേണമെന്ന് ആനിമൽ വെൽഫെയർ ബോർഡ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സാക്ഷരകേരളത്തിന് ഇത് അപമാനമാണെന്നും രാജ്യവ്യാപകമായി ഈ പ്രശ്നമുണ്ടെന്നും ആനിമൽ വെൽഫെയർ ബോർഡ് വ്യക്തമാക്കി. കുടുംബ്രശ്രീയുടെ സൗകര്യങ്ങൾ പരിശോധിച്ച ശേഷം വന്ധീകരണത്തിനുള്ള അനുമതി കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ആനിമൽ വെൽഫെയര്‍ ബോര്‍ഡ് കോടതിയെ അറിയിച്ചു. 

അതേസമയം തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന തരത്തിൽ പൊതുജനങ്ങൾ നിയമം കയ്യിലെടുക്കരുതെന്ന് ഡിജിപി സര്‍ക്കുലര്‍ ഇറക്കി. നായ്‍ക്കളെ കൊല്ലുന്നതിനും വളര്‍ത്തുനായ്ക്കളെ വഴിയിൽ ഉപേക്ഷിക്കുന്നതിനും എതിരെ വിപുലമായ ബോധവത്കരണം നിര്‍ദ്ദേശിച്ചാണ് സര്‍ക്കുലര്‍. പൊതുജനങ്ങൾക്കിടയിൽ ബോധവത്കരണത്തിന് പൊലീസ് സംവിധാനങ്ങൾ വഴി സര്‍ക്കാര്‍ നടപടി എടുക്കണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഡിജിപിയുടെ സര്‍ക്കുലര്‍. 

നായ്ക്കളെ കൊല്ലുന്നതും മാരകമായി പരിക്കേൽപ്പിക്കുന്നതും തടവു ശിക്ഷ കിട്ടാവുന്ന കുറ്റമാണ്. വളര്‍ത്തുനായ്ക്കളെ വഴിയില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെയും കേസെടുക്കും. റസിഡൻസ് അസോസിയേഷനുമായി സഹകരിച്ച് വിപുലമായ ബോധവത്കരണം നടത്തണമെന്നാണ് എസ്എച്ച്ഒ മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് നടപ്പാകുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവികൾ ഉറപ്പ് വരുത്തുകയും വേണം. 

അതിനിടെ എറണാകുളം എരൂരിൽ  നായ്ക്കളെ ചത്തനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു.  കഴിഞ്ഞ ദിവസമാണ് അഞ്ച് തെരുവുനായകളെ വിഷം അകത്തുചെന്ന ചത്ത നിലയിൽ കണ്ടെത്തിയത്. നായ്ക്കള്‍ക്ക് വിഷം നൽകി കൊന്നതാണോ എന്ന സംശയത്തിലാണ് പൊലീസ്. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്കായി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് അയച്ചിട്ടുണ്ട്.  

 

Follow Us:
Download App:
  • android
  • ios