കൊച്ചി: പ്രവാസി ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാൻ കേന്ദ്ര സർക്കാരിന്  നിർദേശം നൽകണമെന്നാവശ്യപ്പെട്ട് കെഎംസിസി അടക്കം നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗൾഫ് രാഷ്ട്രങ്ങളിലേക്ക് മെഡിക്കൽ സംഘത്തെ അയക്കണമെന്ന ഹർജിയും കോടതി ഇന്ന് പരിഗണിക്കും.

ലോകമാകെ കോവിഡ് രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തിൽ യു.എ.ഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യൻ പൗരൻമാരെ നാട്ടിലേക്കെത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് കേന്ദ്ര സർക്കാർ കോടതിയെ അറിയിച്ചത്. രാജ്യം വലിയ വെല്ലുവിളി നേരിടുന്ന സമയമാണിത്. എവിടെയാണോ പ്രവാസികൾ നിലവിലുള്ളത് അവിടെ തന്നെ തുടരുന്നതാണ് രോഗവ്യാപന സാധ്യത കുറയാൻ നല്ലതെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ നിലപാട്.  

പ്രവാസി ലോകം കഴിയുന്നത് കടുത്ത ആശങ്കയിലാണുള്ളത്. വിദേശ രാജ്യങ്ങളില്‍ താത്കാലിക, ഹ്രസ്വകാല വിസകളുമായി പോയിട്ടുള്ളവരെ തിരികെയെത്തിക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.   കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ തിരികെയെത്തിക്കുകയാണെങ്കില്‍ ചികിത്സ, പരിശോധന എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്നും പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.