തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമ അബ്ദുൽ ലത്തീഫ് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്
മലപ്പുറം: പി വി അൻവർ എംഎൽഎയുടെ ഭാര്യ പിതാവിന്‍റെ ഉടമസ്ഥതയിലുള്ള ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ പൊളിച്ച് നീക്കുന്നത് സംബന്ധിച്ച കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. തടയണ പൊളിക്കാനുള്ള ജില്ലാ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഉടമ അബ്ദുൽ ലത്തീഫ് നൽകിയ ഹർജിയാണ് കോടതി പരിഗണിക്കുന്നത്.
പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന അനധികൃത തടയണ പൊളിച്ച് നീക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വെള്ളം ഒഴുക്കിവിടുന്ന കാര്യത്തിൽ 15 ദിവസത്തിനകം ജില്ലാ കലക്ടർ തന്നെ നടപടി ഉറപ്പാക്കണമെന്ന് കോടതി നേരത്തെ കേസ് പരിഗണിച്ചപ്പോൾ നിർദേശം നൽകിയിരുന്നു.
ഈ കാലാവധി ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കേസ് ഇന്ന് വീണ്ടും പരിഗണിക്കുന്നത്. മുകളിൽ 12 മീറ്ററും താഴെ ആറ് മീറ്ററും വീതിയുള്ള വിടവാണ് തടയണയിൽ വേണ്ടത്. 2000 ഘന മീറ്റർ മണ്ണ് മാറ്റിയാലെ ഇങ്ങനെയൊരു വിടവ് ഉണ്ടാക്കാനാവൂ എന്നായിരുന്നു ജില്ലാ കളക്ടർ നേരത്തെ കോടതിയെ അറിയിച്ചിരുന്നത്.
