നേതാക്കൾ ആഗ്രഹം പ്രകടിപ്പിക്കുന്നതും അവകാശവാദം ഉന്നയിക്കുന്നതും സ്വാഭാവികമാണ്. താൻ മല്ലികാർജുൻ ഖാർഗെയെ കണ്ടത് അവകാശവാദം ഉന്നയിക്കാനല്ല. അഭിപ്രായം തേടിയിട്ടുമില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്
ദില്ലി: കെപിസിസി പ്രസിഡന്‍റാവാൻ താത്പര്യം ഉണ്ടെന്നോ ഇല്ലെന്നോ പറയാനാവില്ലെന്ന് കൊടിക്കുന്നിൽ സുരേഷ്. നേതാക്കൾ ആഗ്രഹം പ്രകടിപ്പിക്കുന്നതും അവകാശവാദം ഉന്നയിക്കുന്നതും സ്വാഭാവികമാണ്. താൻ മല്ലികാർജുൻ ഖാർഗെയെ കണ്ടത് അവകാശവാദം ഉന്നയിക്കാനല്ല. അഭിപ്രായം തേടിയിട്ടുമില്ല. ഓരോ സംസ്ഥാനത്തെയും അധ്യക്ഷന്മാരെ തീരുമാനിക്കുന്നത് അവിടുത്തെ സാഹചര്യം പരിശോധിച്ചാണ്. പിന്നാക്ക പ്രാതിനിധ്യം പാർട്ടിയുടെ നയമാണ്. ഇത്തവണ മന്ത്രിമാരെ നിശ്ചയിച്ചതിലടക്കം അത് തൃപ്തികരമായി പാലിച്ചെന്നും കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു. ആരാകും അടുത്ത കെപിസിസി അധ്യക്ഷൻ എന്ന അന്തിമ തീരുമാനമെടുക്കുക ഹൈക്കമാൻഡ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് മന്ത്രിയായതോടെയാണ് പുതിയ ആളെ ആ സ്ഥാനത്തേക്ക് നിയോഗിക്കുന്നത്. കൊടിക്കുന്നിലിന് പുറമെ ബെന്നി ബഹനാൻ, ഷാഫി പറമ്പിൽ, ആന്‍റോ ആന്‍റണി തുടങ്ങിയ പേരുകൾ പരിഗണനയിലുണ്ട്. കെ സുധാകരൻ ഒഴിയുന്ന സമയത്തും പലരും കെപിസിസി പ്രസിഡന്‍റ് സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാൽ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ട ഒരാൾ വരട്ടെ എന്ന നിലയിലാണ് സണ്ണി ജോസഫിനെ ആ സ്ഥാനത്ത് നിയോഗിച്ചത്. കൊടിക്കുന്നിൽ മുൻ വർഷങ്ങളിൽ തഴയപ്പെട്ട കാര്യം ഓർമിപ്പിച്ച് അധ്യക്ഷ സ്ഥാനത്തിനായി മുന്നിലുണ്ട്. ആന്‍റോ ആന്‍റണിയാകട്ടെ കഴിഞ്ഞ തവണ അവസാന നിമിഷം തഴയപ്പെട്ടതാണ്. ഇതിൽ ആരെയാവും ഹൈക്കമാൻഡ് നിയോഗിക്കുക എന്ന് നിലവിൽ വ്യക്തമല്ല.
