വിവിധ ജില്ലകളിലെ മൂന്ന് ദിവസത്തെ പൊതുപരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്നത്. വൈകിട്ടോടെ അദ്ദേഹം തലസ്ഥാനത്തെത്തും.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) മടങ്ങിയെത്തുന്നത് കണത്തിലെടുത്ത് തിരുവനന്തപുരത്തും വന്‍ സുരക്ഷ. തിരുവനന്തപുരം എയർപോർട്ട് മുതൽ ക്ലിഫ് ഹൗസ് വരെ പൊലീസ് നിരീക്ഷണത്തിലാണ്. നാല് ഡിവൈഎസ്‍പിമാരുടെ നേത്യത്വത്തിലാണ് മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
വിവിധ ജില്ലകളിലെ മൂന്ന് ദിവസത്തെ പൊതുപരിപാടികൾക്ക് ശേഷം മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തുന്നത്. വൈകിട്ടോടെ അദ്ദേഹം തലസ്ഥാനത്തെത്തും. സ്വപ്ന സുരേഷ് സ്വര്‍ണ കടത്ത് ആരോപണം ഉന്നയിച്ചതിന് പിന്നാലെ വലിയ സുരക്ഷയാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടികൾക്കുണ്ടായിരുന്നത്. എന്നാൽ, കനത്ത സുരക്ഷയ്ക്കിടെയിലും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകളുടെ പ്രവര്‍ത്തകര്‍ റോഡുകളിലും വേദികളിലുമെത്തി. ഇന്ന് കണ്ണൂര്‍ കൊതേരിയിലും മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായി.
എന്നാല്‍, കേരളത്തിൽ ആരുടേയും സഞ്ചാര സ്വാതന്ത്ര്യം തടയുന്ന സാഹചര്യം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കറുത്ത വസ്ത്രത്തിനോ മാസ്കിനോ ഒരു വിലക്കും ഇല്ലെന്നും പൗരാവകാശം തടയുന്ന ഒരു നടപടിയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി ഗ്രന്ഥശാലാ പ്രവർത്തകരുടെ സംസ്ഥാന സംഗമത്തിൽ ഓൺലൈനായി സംസാരിക്കവെ പറഞ്ഞു. പൊലീസ് കഴിഞ്ഞ ദിവസം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്.
അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് വ്യക്തമാക്കി. കറുത്ത മാസ്ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് നേരത്തേ തന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാല്‍, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകി. ആരെയും വഴി തടഞ്ഞുകൊണ്ട് തനിക്ക് സുരക്ഷയൊരുക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഡിജിപി വാർത്താക്കുറിപ്പ് ഇറക്കിയത്.
