പിടിക്കപ്പെടാനുള്ള സാധ്യത കുറവായ സ്ഥലങ്ങളിൽ മാത്രമായിരുന്നു മോഷണം നടത്തിയിരുന്നത്. ഇതിനായി സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നതാവട്ടെ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയും.

ഗൂഗിൾ മാപ്പ് നോക്കി സ്ഥലം കണ്ടെത്തി കോടതികളിലും പോസ്റ്റ് ഓഫീസുകളിലും മോഷണം നടത്തുന്നയാള്‍ കാസര്‍കോട് വിദ്യാനഗര്‍ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി സനീഷ് ജോര്‍ജ്ജാണ് അങ്കമാലിയില്‍ നിന്ന് കാസര്‍കോട് പൊലീസിന്റെ പിടിയിലായത്.

കാസര്‍കോട് കോടതി കോംപ്ലക്സിലെ മോഷണ ശ്രമത്തെ തുടര്‍ന്നുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്. കഴിഞ്ഞ നാലാം തീയതി പുലര്‍ച്ചെയായിരുന്നു സംഭവം. കള്ളന്‍ കോടതിയില്‍ കയറിയെങ്കിലും അപ്പോഴേക്കും വാച്ച്മാന്‍ അറിഞ്ഞതിനാല്‍ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് തൊട്ടില്‍പ്പാലം കാവിലുപാറ സ്വദേശിയായ സനീഷ് ജോര്‍ജ്ജ് എന്ന സനല്‍ ആണ് മോഷണ ശ്രമത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി.

കോടതികള്‍, പോസ്റ്റ്ഓഫീസുകള്‍, സ്കൂളുകൾ തുടങ്ങിയവ കേന്ദ്രീകരിച്ച് രാത്രിയില്‍ മോഷണം നടത്തുന്നതാണ് ഈ 44 വയസുകാരന്‍റെ രീതി. പിടിക്കപ്പെടാനുള്ള സാധ്യത കുറവാണ് എന്നതാണ് ഇതിന് കാരണമായി ഇയാള്‍ പറയുന്നത്. ഹൊസ്ദുര്‍ഗ്, സുല്‍ത്താന്‍ബത്തേരി, നാദാപുരം കോടതികളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. വിവിധ ജില്ലകളിലായി ഇത്തരത്തിലുള്ള 15 കേസുകളില്‍ പ്രതിയാണ് സനീഷെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

മഴക്കാലമായതിനാല്‍ മോഷണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ വീട് പൂട്ടിപോകുമ്പോള്‍ ശ്രദ്ധിക്കണമെന്നും പൊലീസ് ഇതോടൊപ്പം മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്. അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ പൊതുജനങ്ങൾ 112 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നാണ് പൊലീസ് നൽകുന്ന നിര്‍ദേശം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം