ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണം.രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ഹൈക്കോടതി.പോപ്പുലർ ഫ്രണ്ട് മാർച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമായ സംഭവമാണെന്ന് സർക്കാരും ഹൈക്കോടതിയിൽ

കൊച്ചി:ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി.റാലി നടത്തിയ സംഘാടകർക്കെതിരെ നടപടി വേണം.സംഘടകർക്കാണ് ഉത്തരവാദിത്തം.ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണം റാലിക്കെതിരെ നൽകിയ ഹർജി തീർപ്പാക്കി ആണ് പരാമർശം.പോപ്പുലർ ഫ്രണ്ട് മാർച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമായ സംഭവമാണെന്ന് സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കി.
രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കോടതി ചോദിച്ചു.

24 പേര്‍ കൂടി കസ്റ്റഡിയില്‍

കുട്ടിയെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസില്‍ 24 പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആലപ്പുഴയില്‍ നടന്ന പ്രകടനത്തിനിടെ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചെന്ന കുറ്റം ചുമത്തിയാണ് സംസ്ഥാനത്തിന്‍റെ വിവധ ഭാഗങ്ങളില്‍നിന്ന് ഇവരെ പിടികൂടിയത്. കുട്ടി വിളിച്ച മുദ്രാവാക്യം ഇവരില്‍ ആരെങ്കിലും ഏറ്റു ചൊല്ലിയിട്ടുണ്ടോ എന്ന് ദൃശ്യങ്ങള്‍ പരിശോധിച്ച് ഉറപ്പു വരുത്തുമെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ കേസിലെ നേരത്തെ അറസ്റ്റിലായ പി എ നവാസ്, അൻസാർ എന്നിവരെ വിലങ്ങണിയിച്ച് കോടതിയിലേക്ക് കൊണ്ടുവന്നതിനെ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി വിമര്‍ശിച്ചു. മേലിൽ വിലങ്ങ് അണിയിക്കരുതെന്ന് പൊലീസിന് താക്കീത് നല്‍കി. മാവേലിക്കര സബ് ജയിലില്‍ നിന്നാണ് ഇവരെ വിലങ്ങണിയിച്ച് കോടതിയില്‍ ഹാജരാക്കിയത്. ഇക്കാര്യത്തില്‍ ജയില്‍ വകുപ്പിനോട് വിശദീകരണം തേടുമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.

പ്രതികളെ വിലങ്ങണിയിച്ചത് സുപ്രീം കോടതി നിർദ്ദേങ്ങൾക്ക് എതിരെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദം അംഗീകരിച്ചാണ് നടപടി. പ്രതികളെ വിലങ്ങാണിയിക്കേണ്ട കേസ് അല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശെരിവെക്കുകയായിരുന്നു.രണ്ട് പ്രതികളെയും 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസ്; കുട്ടിയെ കണ്ടെത്താനാവാതെ പൊലീസ്

പോപ്പുലർ ഫ്രണ്ട് (Popular Front) പ്രകടനത്തിലെ വിദ്വേഷ മുദ്രാവാക്യ കേസിൽ കുട്ടിയുടെ പിതാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി. കൊച്ചി തോപ്പുംപടിയിലെ താമസക്കാരായ കുട്ടിയുടെ കുടുംബം ഒളിവിലാണ്. ഇവർക്കായി ഈരാറ്റുപേട്ടയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. കുടുംബത്തിന് ഒളിവിൽ കഴിയാനുള്ള സഹായം ഈരാറ്റുപേട്ടയിൽ നിന്ന് കിട്ടിയെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് നീക്കം.

പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ പിതാവാണ് പ്രകടനത്തിലേക്ക് കുട്ടിയെ കൊണ്ടുവന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചിരുന്നു. കുട്ടിയെ ചുമലിലേറ്റിയ ഈരാറ്റുപേട്ട സ്വദേശിയായ അൻസാറിനെ പൊലീസ് പിടികൂടിയിരുന്നു. മതവിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ കുട്ടിക്ക് പരിശീലനം നല്‍കിയെന്ന് പൊലീസിന്‍റെ റിമാന്‍റ് റിപ്പോര്‍ട്ടിൽ പറയുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

Also Read :വിദ്വേഷ മുദ്രാവാക്യം വിളി; കുട്ടിക്ക് പരിശീലനം നൽകി; മതവികാരം ആളിക്കത്തിക്കാൻ ലക്ഷ്യമിട്ടു-റിമാൻഡ് റിപ്പോർട്ട്

സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ച് നാല് ദിവസം കഴിഞ്ഞാണ് പൊലീസിന് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞത്. ആലപ്പുഴയില്‍ നിന്നുള്ള പൊലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു വീട്. ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പൊലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്‍റെ സജീവ പ്രവര്‍ത്തകനാണ് പിതാവ്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവ് തന്നെയായിരുന്നു. 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന സമരങ്ങളിലും കുട്ടിയെ പങ്കെടുപ്പിച്ചതായി പൊലീസിന്‍റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ഹിന്ദു ക്രിസ്ത്യന്‍ മതവികാരങ്ങള്‍ ആളിക്കത്തിക്കാന്‍ പ്രതികള് ലക്ഷ്യമിട്ടതായി പൊലീസ് കോടതിയില്‍ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ ആരോപിക്കുന്നു. ഇതിനായി കുട്ടിയെ ചുമലിലേറ്റി മറ്റു സമുദായങ്ങളിലുള്ളവരെ ആക്രമിക്കുന്നതിന് പ്രേരിപ്പിക്കുന്ന തരത്തില്‍ മുദ്രാവാക്യം വിളിപ്പിച്ചു. മുസ്ലിം ജനവിഭാഗത്തെ ഇളക്കിവിടാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.