കൊച്ചി: അതിഥി തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ ഹൈക്കോടതിയുടെ ഇടപെടൽ. കഴിഞ്ഞ ദിവസം പായിപ്പാട്, പെരുമ്പാവൂർ എന്നിവിടങ്ങളിലുണ്ടായ സംഭവത്തിൽ കോടതി സർക്കാരിനോട് റിപ്പോർട്ട് തേടി. ലോക് ഡൗൺ കാലത്ത് അതിഥി തൊഴിലാളികൾക്കായി കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദ്ദേശം സംസ്ഥാന സർക്കാർ പാലിച്ചിട്ടുണ്ടോയെന്ന് അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.

പെരുമ്പാവൂരിലെ അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിൽ ഗൂഢാലോചന സംബന്ധിച്ച് നിലവിൽ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് എറണാകുളം റേഞ്ച് ഡിഐ ജി കാളിരാജ് മഹേഷ് കുമാർ. എന്നാൽ തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ സന്ദേശങ്ങൾ പ്രചരിക്കുന്നുണ്ട്. ഇതിനെതിരെ പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കമ്മ്യൂണിറ്റി കിച്ചന്‍ വഴി ആവശ്യത്തിന് ഭക്ഷണം കിട്ടിയില്ലെന്ന് ആരോപിച്ച്  പെരുമ്പാവൂരില്‍ അതിഥി തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. പായിപ്പാട്ടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു   പെരുമ്പാവൂരിലും പ്രതിഷേധം. 

അതേസമയം സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികൾക്കും ഭക്ഷണം ഉറപ്പാക്കുമെന്നും ഇത് കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ക്യാംപുകൾ നടത്തുന്ന കെട്ടിട ഉടമകൾ സഹകരിക്കണമെന്നും അതിഥി തൊഴിലാളി ക്ഷേമ നോഡൽ ഓഫീസർ  ഐജി ശ്രീജിത്ത് വ്യക്തമാക്കി. ക്യാംപുകൾ നടത്തുന്ന കെട്ടിട ഉടമകൾക്കും തൊഴിലാളികളുടെ കാര്യത്തിൽ ഉത്തരവാദിത്വമുണ്ട്. ഉടമകൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിൽ സർക്കാർ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.