കൊച്ചി: യാക്കോബായ വിഭാഗത്തിന്റെ കൈവശമുള്ള കോതമംഗലം ചെറിയ പള്ളി സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. പളളി പിടിച്ചെടുക്കാൻ ജില്ലാ കളക്ടർക്ക് തന്റെ എല്ലാ അധികാരങ്ങളും ഉപയോഗിക്കാമെന്ന് ഉത്തരവിട്ട സിംഗിൾ ബെഞ്ച് സമാധാന അന്തരീക്ഷം പുനഃസ്ഥാപിച്ച ശേഷം ആരാധന തുടങ്ങിയാൽ മതിയെന്നും നിർദേശിച്ചു. ഇതിനിടെ യാക്കോബായ, ഓർത്തഡോക്സ് വിഭാഗങ്ങൾ തമ്മിലുള്ള മധ്യസ്ഥ ചർച്ചയ്ക്ക് മറ്റ് ക്രൈസ്തവ സഭകൾ ശ്രമം തുടങ്ങി.

സുപ്രീംകോടതി ഉത്തരവനുസരിച്ച് കോതമംഗലം ചെറിയ പള്ളി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ ഹർജിയിലാണ് കർക്കശ നിലപാട് വ്യക്തമാക്കിയുള്ള ഹൈക്കോടതി ഉത്തരവ്. നിയമവാഴ്ച ഉറപ്പാക്കാൻ ജില്ലാ കളക്ടർ അടിയന്തരമായി പള്ളി ഏറ്റെടുക്കണം. മേഖലയിൽ സമാധാനം ഉറപ്പാക്കേണ്ടതും ജില്ലാ കളക്ടറുടെ ഉത്തരവാദിത്വമാണ്. സമാധാനം പുനഃസ്ഥാപിച്ചെന്ന് ബോധ്യപ്പെട്ട ശേഷമേ പള്ളി ആരാധനക്കായി കൈമാറാൻ പാടുള്ളൂ. ഏറ്റെടുക്കും മുമ്പ് പളളിയിൽ നിന്ന് എല്ലാവരേയും നീക്കിയതായി ഉറപ്പ് വരുത്തണം. ആരെങ്കിലും തടസം നിന്നാൽ അറസ്റ്റ് ചെയ്ത് നീക്കണം. ഭരണഘടനയനുസരിച്ച് നിയമ വാഴ്ച ഉറപ്പാക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. പഴയതുപോലെ നിസഹായവസ്ഥ പറഞ്ഞ് സർക്കാർ വിലപേശാൻ നോക്കിയാൽ അനുവദിക്കില്ല. നിയമവാഴ്ച അവസാനിക്കുന്നിടത്താണ് അരാജകത്വം തുടങ്ങുന്നതെന്നും ഉത്തരവിലുണ്ട്. 

ഇതിനിടെ, പള്ളിത്തർക്കത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ സമവായത്തിനായി ഇതര ക്രൈസ്തവ സഭകൾ ശ്രമം തുടങ്ങി. കർദിനാൾമാരായ മാർ ജോർജ് ആലഞ്ചേരി ബസേലിയോസ് മാർ ക്ലീമീസ്, അർച്ച് ബിഷപ്പ് സൂസൈ പാക്യം, ജോസഫ് മാർത്തോമാ മെത്രാപ്പോലീത്ത, ബിഷപ്പ് തോമസ് കെ ഉമ്മൻ എന്നിവരാണ് ഇരു സഭകളുടെയും അധ്യക്ഷൻ മാർക്ക് കത്ത് നൽകിയത്. നീക്കത്തെ സ്വാഗതം ചെയ്യുന്നതായി യാക്കോബായ സഭ അറിയിച്ചു.