Asianet News MalayalamAsianet News Malayalam

പ്രതികളെ വീഡിയോ കോളിലൂടെ ഹാജരാക്കിയാല്‍ മതിയെന്ന് ഹൈക്കോടതി

മജിസ്ട്രേറ്റുമാര്‍ ക്വാറന്‍റീനില്‍ പോകേണ്ടി വരുമെന്നതിനാലാണ് തീരുമാനം. കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.

highcourt says accused should be produced only through
Author
trivandrum, First Published May 25, 2020, 10:29 PM IST

കൊച്ചി: പ്രതികളെ വീഡിയോ കോളിലൂടെ ഹാജരാക്കിയാല്‍ മതിയെന്ന് ഹൈക്കോടതി. ഡിജിപിക്ക് ഇത് സംബന്ധിച്ച് ഹൈക്കോടതി നിര്‍ദേശം നല്‍കി. മജിസ്ട്രേറ്റുമാരുടെ മുന്നില്‍ ഹാജരാക്കുന്ന പ്രതികള്‍ക്കാണ് ഇത് ബാധകം. മജിസ്ട്രേറ്റുമാര്‍ ക്വാറന്‍റീനില്‍ പോകേണ്ടി വരുമെന്നതിനാലാണ് തീരുമാനം. 

കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തിരുവനന്തപുരത്തും കണ്ണൂരും അറസ്റ്റിലായവര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റിലാകുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഇനിമുതല്‍ പൊലീസ് സ്‍റ്റേഷനില്‍ കൊണ്ടുവരേണ്ടതില്ല. ഇങ്ങനെ അറസ്റ്റിലാകുന്നവരെ കൊണ്ടുവരുന്നതിനുള്ള സബ് ഡിവിഷണല്‍ ഡിറ്റെന്‍ഷന്‍-കം-പ്രൊഡക്ഷന്‍ സെന്‍ററായി ഉപയോഗിക്കുന്നതിനുള്ള കെട്ടിടം ജില്ലാ പോലീസ് മേധാവിയും ഡിവൈഎസ്‍പിയും ചേര്‍ന്ന് കണ്ടെത്തണം. 

കെട്ടിടം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഡിവൈഎസ്പിയുടെ ഓഫീസ് ഇതിനായി ഉപയോഗിക്കും. ഡിവൈഎസ്പിക്ക് അടുത്ത പൊലീസ് സ്റ്റേഷനോ വസതിയോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. അറസ്റ്റിന് ശേഷമുള്ള വൈദ്യ പരിശോധനയ്ക്കുശേഷം കുറ്റവാളിയെ ഈ കേന്ദ്രത്തിലാണ് ഇനിമുതല്‍ കൊണ്ടുവരിക. പരമാവധി കുറച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമേ ഈ നടപടികളില്‍ പങ്കാളികളാകൂ. ഇത്തരം കേന്ദ്രങ്ങളില്‍ ഒരു ജനറല്‍ ഡയറി സൂക്ഷിക്കും. ഒരു സബ് ഇന്‍സ്പെക്റ്ററെയും നിയോഗിക്കും. 

കുറ്റവാളിക്ക് കോവിഡ് 19 സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഈ കേന്ദ്രത്തിലെ എസ്.ഐയ്ക്കും അറസ്റ്റിനും തുടര്‍നടപടികള്‍ക്കും നേതൃത്വം നല്‍കിയ പോലീസുകാര്‍ക്കും മാത്രമേ നിരീക്ഷണത്തില്‍ പോകേണ്ടിവരൂ. അറസ്റ്റ് ചെയ്യുമ്പോള്‍ കുറ്റവാളികളെ സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.
 

Follow Us:
Download App:
  • android
  • ios