വിദേശ സർവകലാശാല ക്യാംപസുകൾ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങൾ യു ജി സി മാർഗ നിർദേശങ്ങൾക്ക് അനുസരിച്ച് പരിശോധിക്കും
തൃശൂർ: കേരളത്തിൽ വിദേശ സർവകലാശാല ക്യാംപസുകൾ സ്ഥാപിക്കുന്ന കാര്യത്തിൽ പരിശോധിച്ച് തീരുമാനമെടുക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദേശ സർവകലാശാല ക്യാംപസുകൾ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങൾ യു ജി സി മാർഗ നിർദേശങ്ങൾക്ക് അനുസരിച്ച് പരിശോധിക്കുമെന്നും വിദേശ സ്വകാര്യ സർവ്വകലാശാലകൾ ആരംഭിക്കുവാനുള്ള നടപടികൾ സ്വീകരിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ജനകീയ പങ്കാളിത്തത്തോടെ ഫണ്ട് ശേഖരിക്കാൻ ഉന്നത വിദ്യാഭ്യാസ നിക്ഷേപ നയം രൂപീകരിക്കും. ഇതിനായി ഓഗസ്റ്റിൽ ഹയർ എഡ്യൂക്കേഷൻ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് ഗ്ലോബൽ കോൺക്ലേവ് സംഘടിപ്പിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം സ്വകാര്യ വിദേശ സർവകലാശാലകൾ സംബന്ധിച്ച ബജറ്റ് പ്രഖ്യാപനത്തിൽ എസ് എഫ് ഐക്കും സി പി എമ്മിനുമെതിരെ രൂക്ഷ വിമർശനവുമായി കെ എസ് യു രംഗത്തെത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവൽക്കരണത്തിൽ എസ് എഫ് ഐ പഴയ നിലപാട് മാറ്റിയോ എന്ന് കെ എസ് യു സംസ്ഥാന ഉപാധ്യക്ഷ ആൻ സെബാസ്റ്റ്യൻ ചോദിച്ചു. എസ് എഫ് ഐ പണ്ട് ചെയ്തതൊക്കെ തെറ്റാണെന്ന് സമ്മതിക്കണം. അല്ലെങ്കിൽ എസ് എഫ് ഐ പുതിയ നിലപാട് തുറന്നു പറയണമെന്നും ആൻ സെബാസ്റ്റ്യൻ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ടി പി ശ്രീനിവാസന് കൊടുത്തത് പോലെ ബാലഗോപാലിനിട്ട് ഒന്ന് കൊടുത്തിട്ട് എസ് എഫ് ഐയുടെ ചരിത്രം ഓർമ്മിപ്പിക്കണമെന്നും ആൻ പറഞ്ഞു. കൂത്തുപറമ്പ് സമരം എടുത്തുപറഞ്ഞും ആൻ വിമർശിച്ചു. സി പി എമ്മിനും എസ് എഫ് ഐക്കും പുഷ്പനെ അറിയാമോ ഞങ്ങടെ പുഷ്പനെ അറിയാമോ എന്ന ചോദ്യത്തോടെയാണ് കെ എസ് യു സംസ്ഥാന ഉപാധ്യക്ഷ വിമർശനം ആരംഭിച്ചത്.
