മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ ബെംഗളൂരു കോടതിയിൽ അപേക്ഷ നൽകി റിപ്പോർട്ടർ ടി വി

തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ ബെംഗളൂരു കോടതിയിൽ അപേക്ഷ നൽകി റിപ്പോർട്ടർ ടി വി. ഏഷ്യാനെറ്റ് ന്യൂസ്, ഗൂഗി, മെറ്റ എന്നിവ ഉൾപ്പെടെ 18 മാധ്യമ സ്ഥാപനങ്ങൾക്ക് എതിരെ ഒക്ടോബറിൽ നലകിയ ഹർജി പിൻവലിക്കാൻ അനുമതി തേടിയാണ് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ബെംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയിൽ അപേക്ഷ നൽകിയത്. ഈ ഹർജിയിൽ റിപ്പോർട്ടർ ടി വിക്കും പ്രൊമോട്ടർമാർക്കും എതിരെയുള്ള എല്ലാ വാർത്തകളും നീക്കം ചെയ്യാൻ കോടതി ഒക്ടോബറിൽ നിർദേശം നൽകിയിരുന്നു. ഈ നിർദേശം സ്റ്റേ ചെയ്ത കോടതി, നീക്കം ചെയ്ത വാർത്തകൾ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പുനഃസ്ഥാപിക്കാനും അനുമതി നൽകി.

ഹർജി പിൻവലിക്കാനുള്ള അപേക്ഷയെ എതിർത്ത ഏഷ്യാനെറ്റ് ന്യൂസ്, കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് റിപ്പോർട്ടർ ടി വി പരസ്യമായി മാപ്പ് പറയണമെന്നും കോടതി ചെലവ് നൽകണമെന്നും ആവശ്യപ്പെട്ടു. മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് കേസുകളിൽ പ്രതികളായ റിപ്പോർട്ടർ ടി വി ഉടമകൾ ഈ കേസുകൾ സംബന്ധിച്ച മാധ്യമ വാർത്തകൾ നീക്കം ചെയ്യുകയെന്ന ഉദ്ദേശത്തോടെയാണ് കോടതിയെ സമീപിച്ചത്. എന്നാൽ ഈ വാർത്തകൾ എല്ലാം പൊലീസ്, കോടതി നടപടികളുടെ അടിസ്ഥാനത്തിൽ റിപ്പോർട്ട് ചെയ്തവയാണെന്നും വസ്തുതാവിരുദ്ധമായതൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഏഷ്യാനെറ്റ് ന്യൂസ് കോടതിയെ അറിയിച്ചു. കേസിൽ കോടതി ജനുവരി മൂന്നിന് വിധി പറയും.