Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഹയർ സെക്കന്ററി മൂല്യ നിർണയം തുടങ്ങി, ക്യാമ്പുകളിൽ അധ്യാപകർ കുറവ്

പൊതുഗതാഗത സംവിധാനങ്ങളില്ലാത്തതിനാൽ നി‍യോഗിക്കപ്പെട്ട അധ്യാപകരിൽ പലർക്കും മൂല്യനിർണ ക്യാമ്പുകളിൽ എത്താനായില്ല. ചിലരാകട്ടെ പ്രതിഷേധിച്ച് വിട്ടുനില്‍ക്കുകയും ചെയ്തു.

higher secondary valuation camp during covid lockdown period
Author
Kozhikode, First Published May 13, 2020, 3:36 PM IST

കോഴിക്കോട്: സംസ്ഥാനത്ത് ഹയർസെക്കന്ററി മൂല്യ നിർണ്ണയം തുടങ്ങി. പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പല ക്യാമ്പുകളിലും വേണ്ടത്ര അധ്യാപകർക്ക് എത്താനായില്ല. ലോക്ഡൗണിനിടെ മൂല്യനിര്‍ണയം നടത്തുന്നതില്‍ പ്രതിഷേധിച്ച് ചില അധ്യാപക സംഘടനകള്‍ ക്യാംപില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തു.

സംസ്ഥാനത്ത് 92 കേന്ദ്രങ്ങളിലാണ് ഹയര്‍സെക്കന്ററി മൂല്യനിർണയം. 14 ജില്ലകളിലായി 20,000 ത്തോളം അധ്യാപകർ മൂല്യനിർണയത്തിൽ പങ്കെടുക്കേണ്ടതാണെങ്കിലും കൊവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഒരു കേന്ദ്രത്തിൽ മുപ്പത്തിമൂന്ന് ശതമാനം അധ്യാപകർമാത്രം പങ്കെടുക്കുന്ന രീതിയിൽ മൂല്യനിർണ്ണയം ക്രമീകരിക്കാനായിരുന്നു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർ‍ദ്ദേശം.

എന്നാൽ പൊതുഗതാഗത സംവിധാനങ്ങളില്ലാത്തതിനാൽ നി‍യോഗിക്കപ്പെട്ട അധ്യാപകരിൽ പലർക്കും മൂല്യനിർണ ക്യാമ്പുകളിൽ എത്താനായില്ല. ചിലരാകട്ടെ പ്രതിഷേധിച്ച് വിട്ടുനില്‍ക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിൽ 25 ശതമാനം അധ്യാപകരാണ് ക്യാമ്പുകളിൽ എത്തിയത്. കോട്ടയം, വയനാട്, കണ്ണൂർ, എറണാകുളം, ജില്ലകളിലും സമാന സ്ഥിതി. എന്നാൽ തൃശ്ശൂർ, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മുപ്പത് ശതമാനത്തിൽ കൂടുതൽ അധ്യാപകർ ക്യാമ്പുകളിൽ എത്തി. 

രാവിലെ 8 മുതൽ വൈകീട്ട് 5വരെ ക്യാമ്പുകൾ നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് പ്രവർത്തന സമയം 9.30 മുതൽ നാല് വരെയാക്കി ക്രമീകരിച്ചിട്ടുണ്ട്. എട്ട് ദിവസമാണ് ക്യാമ്പ് നടക്കുക. മുൻ വർഷങ്ങളിൽ ഒരു ദിവസം നോക്കേണ്ടുന്ന പേപ്പറുകളുടെ എണ്ണം നിശ്ചയിച്ചിരുന്നെങ്കിലും ഇത്തവണ അധ്യാപകരുടെ എണ്ണത്തിലെ കുറവ് കണക്കിലെടുത്ത് പരമാവധി പേപ്പറുകൾ മൂല്യ നിർണ്ണയം നടത്താനാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്‍റെ നിർദ്ദേശം.

Follow Us:
Download App:
  • android
  • ios