Asianet News MalayalamAsianet News Malayalam

സംസ്ഥാനത്തെ പ്രളയത്തിന് കാരണം പശ്ചിമഘട്ടമല്ല; ഗാഡ്‍ഗില്‍ ഇടുക്കിക്കാരോട് പകപോക്കുകയാണെന്നും ഹൈറേഞ്ച് സംരക്ഷണ സമിതി

ആഗോളതാപനം നിമിത്തമുള്ള കാലാവസ്ഥ വ്യതിയാനമാണ് പ്രളയത്തിന് കാരണം. മനുഷ്യ ഇടപെടല്‍ മൂലം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. 

highrange samrakshana samithi says changes in the western ghats are not the cause for natural disasters in kerala gadgil report
Author
Idukki, First Published Aug 16, 2019, 10:26 AM IST

ഇടുക്കി: സംസ്ഥാനത്ത് തുടർച്ചയായുണ്ടാകുന്ന പ്രളയങ്ങളുടെ പശ്ചാത്തലത്തിലും നിലപാടില്‍ മാറ്റമില്ലെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി.  ആഗോളതാപനം നിമിത്തമുള്ള കാലാവസ്ഥ വ്യതിയാനമാണ് പ്രളയത്തിന് കാരണം. മനുഷ്യ ഇടപെടല്‍ മൂലം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളാണ് പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. മാധവ് ഗാഡ്ഗില്‍ ഇടുക്കിക്കാരോട് പകപോക്കുകയാണെന്നും സമിതി ആരോപിച്ചു. 

ഇടുക്കിയിൽ അടുത്തടുത്ത വർഷങ്ങളിലുണ്ടായത് സമാനതകളില്ലാത്ത പ്രകൃതി ദുരന്തമാണ്. ഒരു വർഷത്തിനിടെ മുന്നൂറോളം ഇടങ്ങളിൽ ഉരുൾപൊട്ടി. ദുരന്തങ്ങളില്‍  60 പേർ മരിച്ചു. എന്നാൽ ഇവയ്ക്കൊന്നും കാരണം മനുഷ്യ ഇടപെടൽ നിമിത്തം പശ്ചിമഘട്ടത്തിലുണ്ടാകുന്ന മാറ്റങ്ങളല്ലെന്ന് ആവർത്തിക്കുകയാണ് ഹൈറേഞ്ച് സംരക്ഷണ സമിതി. ഗാഡ്‍ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് സമിതിയുടെ പ്രതികരണം. റിപ്പോര്‍ട്ട നടപ്പാക്കാത്തതിനെതിരെ മാധവ് ഗാഡ്‍ഗിലും രംഗത്തെത്തിയിരുന്നു. 

പശ്ചിമഘട്ടം സംരക്ഷിക്കാനുള്ള ഗാഡ്‍ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. മാധവ് ഗാഡ്ഗിലിനെതിരെ 2013ൽ എടുത്ത നിലപാടിൽ ഇപ്പോഴും മാറ്റമില്ല. ഓസ്ട്രേലിയയിലും ബ്രസീലിലും പ്രളയമുണ്ടായത് പശ്ചിമഘട്ടം നിമിത്തമാണോ എന്നും സമിതി ചോദിക്കുന്നു. പശ്ചിമഘട്ട സംരക്ഷണത്തിന്, കൃത്യമായ പഠനങ്ങളില്ലാതെ തയ്യാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ടിന് പകരം  കർഷകരെ ഉൾപ്പെടുത്തിയുള്ള പുതിയ പഠന റിപ്പോ‍ർട്ട് വേണമെന്ന നിലപാടിലാണ് ഹൈറേഞ്ച് സംരക്ഷണ സമിതി.

Follow Us:
Download App:
  • android
  • ios