Asianet News MalayalamAsianet News Malayalam

പിളര്‍ന്ന് വളര്‍ന്ന് പിന്നെയും പിളര്‍ന്ന് പാര്‍ട്ടി; ചരിത്രമാവര്‍ത്തിച്ച് കേരളാ കോൺഗ്രസ്

കോണ്‍ഗ്രസ് നേതാവ് പിടി ചാക്കോയുടെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് 1964-ല്‍ രൂപം കൊണ്ട് കേരള കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്ന ആര്‍. ബാലകൃഷ്ണപിള്ള 1977-ല്‍ ആണ് കേരള കോണ്‍ഗ്രസ് ബി രൂപീകരിക്കുന്നത്. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസുകാരുടെ ചരിത്രം അന്നാണ് ആരംഭിക്കുന്നത്. ആ പാരമ്പര്യം അവര്‍ ഇന്നും തുടരുന്നു. പാര്‍ട്ടി പിളര്‍ത്തുന്നതും പിന്നീട് പോന്നിടത്ത് തന്നെ ലയിക്കുന്നതും യുഡിഎഫ്-എല്‍ഡിഎഫ്-എന്‍ഡിഎ മുന്നണികളിലേക്ക് മാറി മാറി ചേക്കേറുന്നതും കേരള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു ശീലമാണ്. 

history of Kerala congress separation
Author
Kottayam, First Published Jun 16, 2019, 4:16 PM IST

കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ പിളര്‍പ്പിന്‍റെ ചരിത്രം

1963 – മുഖ്യമന്ത്രി ആർ ശങ്കർ - ആഭ്യന്തര മന്ത്രി പി ടി ചാക്കോ ശീതയുദ്ധം. മന്ത്രി പി.ടി.ചാക്കോയുടെ കാർ പീച്ചിയിലേക്കുള്ള യാത്രയിൽ തൃശൂരിൽവെച്ച് ഒരു ഉന്തുവണ്ടിയിൽ ഇടിച്ചിട്ടും നിർത്താതെ പോയത് കാറിൽ ഒരു സ്ത്രീ ഉണ്ടായിരുന്നെന്നും അത് ഭാര്യയല്ലെന്ന് വിവാദം

1964, ഫെബ്രുവരി 20 – വിവാദത്തെത്തുടർന്ന് പി ടി ചാക്കോ മന്ത്രിസ്ഥാനം രാജിവെച്ചു.

1964 ആഗസ്ത് - ഹൃദയാഘാതത്തെത്തുടർന്ന് പി ടി ചാക്കോ അന്തരിച്ചു.

1964 സെപ്റ്റംബർ - ആർ ശങ്കർ മന്ത്രിസഭയെ വീഴ്ത്തിക്കൊണ്ട് പിടി ചാക്കോയുടെ അനുയായികളായിരുന്ന 15 എംഎൽഎമാർ രാജിവെച്ചു.

1964 ഒക്ടോബർ 9 - കെഎം ജോർജ്ജിന്റെ നേതൃത്വത്തിൽ കോൺഗ്രസ്സിൽനിന്ന് രാജിവെച്ച 15 എംഎൽഎമാർ ചേർന്ന് കേരള കോൺഗ്രസ്സ് പാർട്ടി രൂപീകരിച്ചു. പാർട്ടിക്ക് പേരിട്ടത് മന്നത്ത് പത്മനാഭൻ. പിടി ചാക്കോയും പി.ജെ.ജോസഫും ആർ ബാലകൃഷ്ണ പിള്ളയും മറ്റു പ്രമുഖ നേതാക്കൾ. താമസിയാതെ കോൺഗ്രസ്സിൽനിന്ന് കെഎം മാണിയും കേരള കോൺഗ്രസ്സിലെത്തി.

1965- നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്സ് 25 സീറ്റിൽ ജയിച്ചു.

1975 – അച്യുത മേനോൻ സർക്കാരിൽ ചേരാൻ കേരള കോൺഗ്രസിന് ക്ഷണം. ഇരട്ടപ്പദവി പാടില്ലെന്ന് വാദിച്ച് പാർട്ടി ചെയർമാൻ ജോർജ്ജിനെ വെട്ടി കെ എം മാണി മന്ത്രിയായി. ഒപ്പം ബാലകൃഷ്ണ പിള്ളയും.

1976 ജൂൺ -  കെ എം ജോർജ്ജ് പിള്ളയെ മാറ്റി മന്ത്രിയായി, പിള്ള പാർട്ടി ചെയർമാനായി.

1976 സിസംമ്പർ 11 – കെഎം ജോർജ്ജ് അന്തരിച്ചു.

1977– ആദ്യ പിളർപ്പ്- പാർട്ടി നേതൃപദവി തർക്കത്തെത്തുടർന്ന് ആർ ബാലകൃഷ്ണപിള്ള കേരള കോൺഗ്രസ്സ് (ബി) രൂപീകരിച്ചു. 1977ൽ എൽഡിഎഫിനൊപ്പം ചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടു, 2 സീറ്റ് നേടി. യുഡിഎഫിനൊപ്പം നിന്ന മറുപക്ഷം 20 സീറ്റ് നേടി.

1979 – പിജെ ജോസഫിനോട് തെറ്റി കെഎം മാണി പാർട്ടി വിട്ട് കേരള കോൺഗ്രസ്സ് (എം) രൂപീകരിച്ചു. കെസിഎം യുഡിഎഫിനൊപ്പം നിന്നു. ജോസഫിന്റെ നേതൃത്വത്തിൽ കേരള കോൺഗ്രസ്സ് എൽഡിഎഫിൽ ചേർന്നു.

1980 – നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കെസിഎം എൽഡിഎഫിലേക്കും ജോസഫും പാർട്ടിയും യുഡിഎഫിലേക്കും കൂടു മാറി.

1982- കെസിഎം യുഡിഎഫിലേക്ക് തിരികെയെത്തി. 3 ഗ്രൂപ്പുകളും പ്രത്യേകം പാർട്ടികളായി യു‍ഡിഎഫിൽ നിന്നുകൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടു. യുഡിഎഫ് മന്ത്രിസഭയിൽ മാണി ധനമന്ത്രി, ജോസഫ് റവന്യൂ മന്ത്രി, പിള്ള ഗതാഗത മന്ത്രി. മാണി ഗ്രൂപ്പിലെ ടിഎം ജോക്കബ് വിദ്യാഭ്യാസ മന്ത്രിയുമായി.

1985- പിളർപ്പുകൾ മൂലമുണ്ടായ ദൗർബല്യം മറി കടക്കാൻ മൂന്നു പാർട്ടികളും ലയിച്ച് ഒന്നായി. 4 മന്ത്രിമാരും, 25 എംഎൽഎമാരുമായി സംസ്ഥാന മന്ത്രിസഭയിലും യുഡിഎഫിലും ശക്തമായി.

1987- പിളരുന്നെങ്കിൽ പിളരട്ടെ എന്നു പറഞ്ഞ് ജോസഫുമായി സ്വരചേർച്ചയില്ലാതെ കെഎം മാണി വീണ്ടും മാണി ഗ്രൂപ്പ് പുനരുജ്ജീവിപ്പിച്ചു. പിള്ള ജോസഫിനൊപ്പം കേരള കോൺഗ്രസ്സിൽ നിന്നെങ്കിലും ടിഎം ജേക്കബ് മാണിക്കൊപ്പം ചേർന്നു.

1989 – പിജെ ജോസഫിന്റെ കേരള കോൺഗ്രസ്സ് എൽഡിഎഫിലേക്ക്. പിള്ള, മാണി ഗ്രൂപ്പുകൾ യുഡിഎഫിൽ തന്നെ നിന്നു.

1993 – മാണിയുമായുള്ള ഭിന്നതയെത്തുടർന്ന് ജലസേചന മന്ത്രിയായിരുന്ന ടിഎം ജേക്കബ് എംഎൽഎമാരായ ജോണി നെല്ലൂരിനെയും, മാത്യൂ സ്റ്റീഫനെയും, പി എം മാത്യൂവിനെയും കൂട്ടി കേരള കോൺഗ്രസ്സ് (ജെ) രൂപീകരിച്ച് മാണി ഗ്രൂപ്പിനെ പിളർത്തി. ( എട്ടാമത്തെ പിളർപ്പ് )

1996 ജനുവരി – കേരള കോൺഗ്രസ് (ബി) പിളർപ്പ്. ജോസഫ് എം പുതുശ്ശേരി വിഭാഗം ഒ വി ലൂക്കോസിന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി രൂപീകരിച്ചെങ്കിലും പീന്നീട് മാണി ഗ്രൂപ്പിൽ ലയിച്ചു.  

2001 ജൂലൈ – കെഎം മാണിയോട് തെറ്റി പിസി ചാക്കോയുടെ മകൻ പിസി തോമസ് മാണി ഗ്രൂപ്പ് വിട്ട് പുതിയ പാർട്ടി ഐഎഫ്ഡിപി രൂപീകരിച്ചു. 2004ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കെഎം മാണിയുടെ മകൻ ജോസ് കെ മാണിയെ തോൽപ്പിച്ചു.

2003 ആഗസ്ത് 20 – ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ്സിനെ പിളർത്തി പിസി ജോർജ്ജ് കേരള കോൺഗ്രസ്സ് സെക്ക്യുലർ രൂപീകരിച്ചു.

2005 സെപ്റ്റംബർ – പിസി തോമസിന്റെ ഐഎഫ്ഡിപി  എൻഡിഎയിൽ ചേർന്നെങ്കിലും പിന്നീട് ജോസഫ് ഗ്രൂപ്പിൽ ലയിച്ചുകൊണ്ട് പിൻവാതിലിലൂടെ എൽഡിഎഫിലെത്തി.

2005 ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ സ്ഥാനം കിട്ടാഞ്ഞതിനെത്തുടർന്ന് ജേക്കബ് ഗ്രൂപ്പ് കെ കരുണാകരന്റെ ഡിഐസിയിൽ ചേർന്നു, പക്ഷെ 2006ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ഡിഐസി കോൺഗ്രസ് മുന്നണിയിൽ തിരിച്ചെത്തി. പിന്നീട് എൻസിപിയുമായി ലയിച്ച് കെ കരുണാകരൻ മുന്നണി വിട്ടെങ്കിലും ജേക്കബ് യുഡിഎഫിൽത്തന്നെ നിന്നു.

2007 – മാണിയും പിള്ളയും പിസി ജോർജ്ജും ലയനശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.

2009 നവംമ്പർ 11 – പിസി ജോർജ്ജിന്റെ കെസി സെക്ക്യുലർ കെസിഎമ്മിൽ ലയിച്ചു.

2010 ഏപ്രിൽ 30 – ജോസഫ് ഗ്രൂപ്പ് മാണി ഗ്രൂപ്പിൽ ലയിച്ച് യുഡിഎഫിലെത്തി. ശേഷിച്ച  പിസി തോമസും സുരേന്ദ്രൻ പിള്ളയും സ്കറിയാ തോമസിന്റെ നേതൃത്വത്തിൽ ലയനവിരുദ്ധ പാർട്ടിയായി എൽഡിഎഫിൽത്തന്നെ നിന്നു.

2010 മേയ് – ജേക്കബ് ഗ്രൂപ്പും കേരള കോൺഗ്രസിൽ ലയിച്ചു.

2011 – ടി എം ജേക്കബ് അന്തരിച്ചു. മകൻ അനൂപ് ജോക്കബ് പകരം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ മന്ത്രിയായി

2015 – ബാർ കോഴ വിവാദത്തെത്തുടർന്ന് പിസി ജോർജ്ജ് കെസിഎം വിട്ട് പഴയ സെക്ക്യുലർ പാർട്ടി പുനരുജ്ജീവിപ്പിച്ചെങ്കിലും 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റയാനായി നേരിടാനായിരുന്നു വിധി.

2016 മാർച്ച് 3 - നിയമസഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് ഫ്രാൻസിസ് ജോർജ്ജിന്റെ നേതൃത്വത്തിൽ ഒരു കൂട്ടം നേതാക്കൾ കെസിഎം പിളർത്തി ജനാധിപത്യ കേരള കോൺഗ്രസ്സ് രൂപീകരിച്ച് എൽഡിഎഫിനൊപ്പം തിരഞ്ഞെടുപ്പ് നേരിട്ടെങ്കിലും ആരും വിജയിച്ചില്ല. കേരള കോൺഗ്രസ്സ് ബിയും എൽഡിഎഫിനോപ്പം നിന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്. പിസി തോമസ് എൻഡിഎയിലേക്ക് പോവുകയും എൽഡിഎഫ് സീറ്റ് നിഷേധിച്ചതിനെത്തുടർന്ന് സുരേന്ദ്രൻ പിള്ള യുഡിഎഫിലേക്കും പോയി.

2016 ആഗസ്ത് – കേരള കോൺഗ്രസ്സ് (എം) യുഡിഎഫ് ബന്ധം ഉപേക്ഷിച്ച് നിയമസഭയിൽ പ്രത്യേക ബ്ലോക്കായി.

2017 മേയ് 3 – സിപിഎമ്മിന്റെ പിൻതുണയോടെ കേരള കോൺഗ്രസ്സ് (എം) കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണം കോൺഗ്രസ്സിൽനിന്നും പിടിച്ചെടുത്തു.

2018 ജൂൺ 8 – രണ്ട് വർഷത്തെ അകൽച്ചയ്ക്ക് ശേഷം കേരള കോൺഗ്രസ് യുഡിഎഫിൽ തിരിച്ചെത്തി. പക്ഷെ കോൺഗ്രസിന് നഷ്ടമായത് ഏക രാജ്യസഭാ സീറ്റും. ആത്മഹത്യാപരമെന്ന് വി എം സുധീരൻ വിമർശിച്ചു. ജോസ് കെ മാണി ലോക് സഭയിൽ നിന്നും രാജിവെച്ച് രാജ്യസഭാംഗമായി.

2018 സിസംമ്പർ 27 –  ഫ്രാൻസിസ് ജോർജ്ജിന്റെ നേതൃത്വത്തിൽ ജനാധിപത്യ കേരള കോൺഗ്രസ്സിനും, ബാലകൃഷ്ണ പിള്ളയുടെ കേരള കോൺഗ്രസ് (ബി) ക്കും എൽഡിഎഫിൽ പ്രവേശനം.

2019 ഏപ്രിൽ 9 – കേരള കോൺഗ്രസ് ചെയർമാൻ കെ എം മാണി അന്തരിച്ചു.

2019 മേയ് 10 – പി ജെ ജോസഫിനെയും കോൺഗ്രസിനെയും വിമർശിച്ച് കേരള കോൺഗ്രസ് മുഖപത്രം പ്രതിച്ഛായ. മുറിവുണങ്ങാത്ത മനസ്സുമായാണ് കെ എം മാണി വിട വാങ്ങിയതെന്ന് മുഖപത്രം.

2019 മേയ് 12 – ജോസ് കെ മാണിയെ ചെയർമാനാക്കണമെന്നും സി എഫ് തോമസ് പാർലമെൻററി പാർട്ടി നേതാവാകണമെന്നും ആവശ്യപ്പെട്ട് പാർട്ടിയിലെ 9 ജില്ലാ പ്രസിഡൻറുമാർ പാർട്ടി ഡെപ്യൂട്ടി വൈസ് ചെയർമാൻ സി എഫ് തോമസിനെ കണ്ടു.

2019 മേയ് 12 – പ്രതിച്ഛായയിലെ ലേഖനത്തിനെതിരെ പി ജെ ജോസഫ് വാർത്ത സമ്മേളനം. ജോസ് കെ മാണിയെ പാർട്ടി ചെയർമാനാക്കണമെന്നും സി എഫ് തോമസ് പാർലമെൻററി പാർട്ടി നേതാവാകണമെന്നും നിർദ്ദേശമില്ലെന്നും ജില്ല പ്രസിഡൻറുമാരല്ല, പാർട്ടി നേതൃത്വമാണ് ഈ കാര്യങ്ങൾ തീരുമാനിക്കേണ്ടതെന്ന് ജോസഫ് പറഞ്ഞു. മാണിക്കൊപ്പം താനും രാജി വെക്കണമെന്ന് പാർട്ടി നിർദ്ദേശിച്ചിരുന്നില്ലെന്നും പ്രതിച്ഛായയിലെ ലേഖനത്തിനെതിരെ പ്രതികരിച്ചു.

2019 ജൂൺ 14 – സി എഫ് തോമസ് ചെയർമാൻ, ജോസ് കെ മാണി ഡെപ്യൂട്ടി ചെയർമാൻ, താൻ പാർലമെൻററി പാർട്ടി നേതാവായി തുടരമവുമെന്ന ഫോർമുല പി ജെ ജോസഫ് മോധ്യങ്ങൾ വഴി അവതരിപ്പിച്ചു. പൊതുവേദിയിലല്ല ഫോർമുല ചർച്ച ചെയ്യേണ്ടതെന്ന് ജോസ് കെ മാണി.

2019 ജൂൺ 15 – പുതിയ ചെയർമാനെ തിരഞ്ഞെടുക്കാൻ ജോസ് കെ മാണി വിഭാഗം ബദൽ സംസ്ഥാനസമിതി യോഗം ജൂൺ 16ന് നടത്താൻ തീരുമാനിച്ചു

 

Follow Us:
Download App:
  • android
  • ios