കൊച്ചി: രാഷ്ട്രീയ പാർട്ടിയിലേക്ക് പ്രവേശിച്ച ഗുണ്ടാ നേതാവിന് കൊച്ചിയിൽ അനുയായികളുടെ കൂറ്റൻ സ്വീകരണം. കൊലപാതകം, തട്ടികൊണ്ടുപോകൽ അടക്കം പന്ത്രണ്ടോളം ക്രമിനിൽ കേസുകളിൽ പ്രതിയായ പെരുമ്പാവൂർ അനസിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനുയായികൾ   സ്വീകരണം നൽകിയത്. എൽജെപി യുവജന വിഭാഗം ദേശീയ ജനറൽ സെക്രട്ടറിയായാണ് കുപ്രസിദ്ധ ഗുണ്ടാ നേതാവിനെ തെരഞ്ഞെടുത്തത്.

കൊലപാതകം, തട്ടികൊണ്ട് പോയി പണം തട്ടൽ, കള്ളത്തോക്ക് കൈവശം വെക്കൽ , സ്വർണ്ണക്കടത്ത് അങ്ങനെ പൂർവ്വാശ്രമത്തിൽ അനസിന് വിശേഷണങ്ങൾ ഓട്ടേറെയുണ്ട്. ആഢംബര കാറുകളിൽ ആയുധങ്ങൾ സഹിതം  അംഗരക്ഷകരുമായി റോന്ത് ചുറ്റാറുള്ള അനസ് പൊലീസിന്‍റെയും കേന്ദ്ര ഏജൻസികളുടെയും നോട്ടപ്പുള്ളിയാണെന്നതെല്ലാം പഴങ്കഥയായി.

രാം വിലാസ് പാസ്വാൻ നേതൃത്വം കൊടുക്കുന്ന ലോക് ജൻശക്തി പാർട്ടിയുടെ യുവജന വിഭാഗം ദേശീയ ജനറൽ സെക്രട്ടറിയാണ് ഇപ്പോൾ അനസ്. ദേശീയ നേതാക്കളുടെ സാന്നിധ്യത്തിൽ  കഴിഞ്ഞ ദിവസം അനസ് ചുമതലയേറ്റെടുത്തു. നേതാവായി തെരഞ്ഞെടുത്തതിന് പിന്നാലെയാണ് പൊലീസിനെ വെല്ലുവിളിച്ച് അനസിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഗുണ്ടകളടക്കമുള്ളവർ സ്വീകരണ ഒരുക്കിയത്.

ഇക്കഴിഞ്ഞ നവംബറിലാണ് കാപ്പാ നിയമ പ്രകാരമുള്ള 4 മാസത്തെ ജയിൽ ശിക്ഷ കഴിഞ്ഞ് അനസ് പുറത്തിറങ്ങിയത്. അനുയായി ഉണ്ണിക്കുട്ടിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലാണ്. നിരവധി ക്രിമിനൽ കേസുകളിൽ വിചാരണ നേരിടുള്ള അനസ് എങ്ങനെ എൽ ജെ പി ദേശീയ നേതാവായി എന്നത് ഇപ്പോഴും കൗതുകമുണർത്തുന്ന ചോദ്യമാണ്. ക്രിമിനൽ കേസുകളുടെ എണ്ണം നോക്കി ബിഹാറിൽ നേതാക്കളെ തെരഞ്ഞെടുക്കുന്നത് പോലെയാകാം അനസിന്‍റെ തെരഞ്ഞെടുപ്പും.