ട്രിവാൻഡ്രം ക്ലബ്ബിന് മുന്നില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. അപകടമുണ്ടാക്കിയ മണിയൻപിള്ള രാജു ഓടിച്ച വോള്‍വോ കാര്‍ കണ്ടെത്തി. ടെന്നീസ് ക്ലബ്ബിന്‍റെ പിന്നിൽ നിന്നാണ് കാര്‍ കണ്ടെത്തിയത്

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിന് മുന്നില്‍ യുവാക്കള്‍ സഞ്ചരിച്ച ബൈക്കില്‍ കാറിടിച്ച സംഭവത്തിൽ നടൻ മണിയൻപിള്ള രാജുവിന് ജാമ്യം. അപകടമുണ്ടാക്കിയ മണിയൻപിള്ള രാജു ഓടിച്ച വോള്‍വോ കാര്‍ കണ്ടെത്തി. ടെന്നീസ് ക്ലബ്ബിന്‍റെ പിന്നിൽ നിന്നാണ് മണിയൻപിള്ള രാജുവിന്‍റെ കാര്‍ കണ്ടെത്തിയത്. അപകടത്തിൽ നേരത്തെ മണിയൻപിള്ള രാജുവിനെതിരെ കേസെടുത്ത പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് മണിയൻപിള്ള രാജുവിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണിപ്പോള്‍ വാഹനം കണ്ടെത്തിയത്. എഫ്ഐആറിൽ നടന്‍റെ പേര് പരാമര്‍ശിച്ചിരുന്നില്ല. ഇതിനിടെയാണ് സ്റ്റേഷനിൽ ഹാജരായ നടന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിയൻപിള്ള രാജുവിനെ വൈദ്യപരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതിനുശേഷം അപകടമുണ്ടായ സ്ഥലത്തെത്തിച്ച് തെളിവെടുപ്പും നടത്തി. ഇതിനുശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. 

Add Asianetnews as a Preferred SourcegooglePreferred

ട്രിവാൻഡ്രം ക്ലബിൽ നിന്ന് വന്ന കാര്‍ ബൈക്കിലിടിച്ച് നിര്‍ത്താതെ പോവുകയായിരുന്നുവെന്നാണ് യുവാക്കളുടെ മൊഴി. നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചതെന്നുമാണ് യുവാക്കള്‍ പറയുന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഒരാള്‍ കിംസ് ആശുപത്രിയിലും ഒരാള്‍ മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടമുണ്ടായത്. അതേസമയം, യുവാക്കള്‍ തന്‍റെ വാഹനത്തിലിടിക്കുകയായിരുന്നുവെന്നാണ് രാജുവിന്‍റെ മൊഴി. താൻ ഒരു ക്യാൻസര്‍ രോഗിയാണെന്നും വാഹനം ഇടിച്ചത് അറിഞ്ഞിട്ട് നിര്‍ത്താതെ പോയത് തെറ്റ് തന്നെയാണെന്നും മണിയൻപിള്ള രാജു പറഞ്ഞു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു പ്രതികരിച്ചിരുന്നു. അപകടം നടന്ന് 12 മണിക്കൂറിനുശേഷമാണ് മണിയൻപിള്ള രാജുവിനെ വൈദ്യ പരിശോധനക്ക് വിധേയമാക്കിയത്. അപകടത്തിൽ പൊലീസിന്‍റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് ആരോപണം. ടെന്നീസ് ക്ലബ്ബിന്‍റെ പിൻഭാഗത്തുനിന്ന് കണ്ടെത്തിയ കാറിന്‍റെ മുൻഭാഗത്തെ ബംപര്‍ അടക്കം തകര്‍ന്നിട്ടുണ്ട്. വാഹനം പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു.

YouTube video player