കൊച്ചി: കേരളത്തില്‍ ചികിത്സയിലുള്ള കൊവിഡ് 19 രോഗിക്ക് എച്ച്ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ. കളമശ്ശേരി മെഡിക്കൽ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്ഐവി മരുന്ന് നൽകിയത്. രോഗികളില്‍ എച്ച്ഐവി മരുന്ന് ഫലപ്രദമാണെന്ന് വിദഗ്ധാഭിപ്രായം നേരത്തെ വന്നിരുന്നു. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്‍റെ അനുമതിയോടെയാണ് കേരളത്തിലെ പരീക്ഷണം. 

എച്ച്ഐവി ചികിത്സയ്ക്കുള്ള രണ്ടിനം മരുന്നുകളാണ്  ജില്ലാ ഭരണ കൂടം രോഗിക്ക് നൽകിയത്. ഇന്ത്യയിൽ ആദ്യമായാണ് റിറ്റോനാവിർ, ലോപിനാവിർ (ritonavir,  lopinavir) എന്നീ മരുന്നുകൾ ഉപയോഗിക്കുന്നത് എന്ന് ഡോക്ടർമാർ പറയുന്നു. ചൈനയിലെ വുഹാനിലാണ് മുൻപ് ഇത് പരീക്ഷിച്ചത്.

ജയ്പൂരിലും എച്ച്ഐവി മരുന്ന് ഉപയോഗിച്ച് കൊവിഡ് രോഗിക്ക് ചികിത്സ നല്‍കിയിരുന്നു. കൊവിഡ് ബാധിതരായ ഇറ്റാലിയൻ വയോധിക ദമ്പതികൾക്ക് ജയ്പുരിൽ എച്ച്ഐവി ചികിത്സയ്ക്കുള്ള മരുന്ന് നൽകിയത് പരീക്ഷണാടിസ്ഥാനത്തിലാണ് എന്നാണ് ആരോഗ്യ മന്ത്രാലയം അധികൃതർ നേരത്തെ അറിയിച്ചത്.

Also Read: കൊവിഡിന് എച്ച്ഐവി മരുന്ന് നല്‍കിയത് പരീക്ഷാടിസ്ഥാനത്തിലെന്ന് വിശദീകരണം

ഇറ്റലിയിൽ നിന്ന് ജയ്പൂരില്‍ ടൂറിസ്റ്റുകളായെത്തിയ അറുപത്തിയൊൻപതുകാരനും ഭാര്യയ്ക്കും സവായ് മാൻ സിങ് ആശുപത്രിയിലാണ് എച്ച്ഐവി ബാധിതർക്ക് നൽകാറുള്ള ലോപിനാവിർ, റിറ്റോനാവിർ മരുന്നുകൾ ചേർത്തുനൽകിയത്. ഇതിന് പുറമെ മലമ്പനി, എച്ച്1എൻ1 എന്നിവയ്ക്കുള്ള മരുന്നുകളും ആന്റിബയോട്ടിക്കും നൽകി. ശ്വാസംമുട്ടലോടെ അതീവഗുരുതര നിലയിലായിരുന്നു ഭർത്താവ്. ഭാര്യയും ശ്വാസകോശ രോഗിയാണ്.ഇതുവരെ പാർശ്വ ഫലങ്ങളുണ്ടായിട്ടില്ല.

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക