Asianet News MalayalamAsianet News Malayalam

ബുറേവി ചുഴലിക്കാറ്റ്; തിരുവനന്തപുരമടക്കം അഞ്ച് ജില്ലകളില്‍ നാളെ പൊതു അവധി

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

Holiday for five districts on the backdrop of burevi
Author
Trivandrum, First Published Dec 3, 2020, 9:26 PM IST

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റ് സഞ്ചരിക്കുന്ന അഞ്ചു ജില്ലകളിൽ വെള്ളിയാഴ്ച (ഡിസംബർ 4) സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പടെയുള്ള ഓഫീസുകൾക്കാണ് സർക്കാർ പൊതുഅവധി പ്രഖ്യാപിച്ചത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് പൊതു അവധി. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമായിരിക്കില്ല.

അറബിക്കടൽ ലക്ഷ്യമാക്കി നീങ്ങുന്ന ബുറേവി ചുഴലിക്കാറ്റിന് ശക്തി കുറഞ്ഞു. നിലവിൽ മാനാർ ഉൾക്കടലിൽ നിന്നും തമിഴ്നാട്ടിലെ തൂത്തുക്കൂടി തീരത്തേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്രന്യൂനമർദ്ദമായി മാറിയെന്നും ഇന്ന് അർധരാത്രിയോടെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ചുഴലിക്കാറ്റ് ഭീതിയിൽ നിൽക്കുന്ന തെക്കൻ കേരളത്തിന് ആശ്വാസം നൽകുന്നതാണ് ചുഴലിക്കാറ്റിനെ സംബന്ധിച്ചുള്ള പുതിയ വിവരങ്ങൾ. ഇന്ന് അർധരാത്രിയ്ക്കോ അല്ലെങ്കിൽ നാളെ പുലർച്ചെയ്ക്കോ ആയി ബുറേവി ചുഴലിക്കാറ്റ് തമിഴ്നാട്ടിലെ തൂത്തുക്കുടിക്കും രാമനാഥപുരത്തിനും മധ്യേ ഇന്ത്യയിലേക്ക് പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ പ്രവചിക്കപ്പെട്ടതിലും കുറഞ്ഞ കരുത്തോടെയാണ് കാറ്റ് കര തൊടുന്നത്.

Follow Us:
Download App:
  • android
  • ios