പത്തനംതിട്ട: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ പൊതുചടങ്ങുകള്‍ മാറ്റിവെക്കണമെന്ന് നിര്‍ദ്ദേശം. വിവാഹ ചടങ്ങുകള്‍ ഉള്‍പ്പെടെ മാറ്റി വെക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷകള്‍ മുന്‍കരുതലുകളോടെ നടത്തും. പത്തനംതിട്ടയില്‍ പത്തുപേരാണ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരുടെ ആരോഗ്യനില തൃപ്‍തികരമാണ്. പത്തുസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. 158 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. മാസ്‍കുകള്‍ക്ക് കൂടുതൽ വില ഈടാക്കുന്നുണ്ടോ എന്ന് പരിശോധന നടത്തും. പ്രിസ്ക്രിപ്ഷൻ ഇല്ലാതെ മെഡിസിൻ കൊടുരുതെന്ന് മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് മുഴുവന്‍ സമയ കോള്‍ സെന്‍ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. വിളിക്കേണ്ട നമ്പറുകള്‍: 0471-23 09 250, 0471-23 09 251, 0471-23 09 252. 

പത്തനംതിട്ട റാന്നി ഐത്തല സ്വദേശികളായ അഞ്ച് പേര്‍ക്കാണ് നിലവില്‍ കൊവിഡ് 19 രോഗ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും മകനും അടക്കമുള്ളവരാണ് ഇറ്റലിയിൽ നിന്ന് എത്തിയത്. അതേസമയം ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം സന്ദര്‍ശിച്ച  കൊല്ലത്തെ ഒരുവീട്ടിലെ മൂന്ന് പേരെയും അയല്‍വാസികളായ രണ്ടുപേരെയും ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കൂടാതെ കുടുംബത്തെ സ്വീകരിക്കാനായി വിമാനത്താവളത്തില്‍ പോയ മൂന്ന് ബന്ധുക്കളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ക്ക് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്നാണിത്. പത്തനംതിട്ട സ്വദേശികളുമായി സമ്പർക്കം പുലർത്തിയ 11 പേരെ തൃശ്ശൂരിൽ കണ്ടെത്തി. ഇവർ വീടുകളിൽ നിരീക്ഷണത്തിൽ  കഴിയുകയാണ്.