Asianet News MalayalamAsianet News Malayalam

'മതഗ്രന്ഥം എത്തിച്ചത് സഹായം', എന്ന് മുഖ്യമന്ത്രി, 'അത് മതഗ്രന്ഥമെന്ന് എന്തുറപ്പ്?' ചെന്നിത്തല

കോൺസുൽ ജനറൽ ഇങ്ങോട്ട് വിളിച്ചതാണെന്ന, മന്ത്രി കെ ടി ജലീൽ നേരത്തേ ഉന്നയിച്ച അതേ വാദം തന്നെയാണ് മുഖ്യമന്ത്രിയും പറയുന്നത്. അനൗദ്യോഗികമായ സഹായം മാത്രമാണ് നൽകിയത്. 

holy book distribution and controversies on uae consulate help cm and chennithala war of words
Author
Thiruvananthapuram, First Published Aug 24, 2020, 9:06 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: റംസാൻ സമയത്ത് സി ആപ്റ്റിന്‍റെ വാഹനത്തിൽ മതഗ്രന്ഥം എത്തിച്ചതുമായി ബന്ധപ്പെട്ട് സർക്കാർ ഒരു രൂപ പോലും ചെലവിട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നൂറ്റാണ്ടുകളായി കേരളവുമായി മികച്ച ബന്ധമുള്ള യുഎഇയുടെ കോൺസുലേറ്റ് ഇങ്ങോട്ട് ഒരു സഹായം ആവശ്യപ്പെട്ടപ്പോൾ അത് അനൗദ്യോഗികമായി ചെയ്തുകൊടുത്തു എന്നത് മാത്രമാണ് ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീൽ എന്ത് അന്വേഷണവും നേരിടുമെന്ന് പറഞ്ഞത് തന്നെ സർക്കാരിന് മടിയിൽ കനമില്ല എന്ന് തെളിവാണെന്നും മുഖ്യമന്ത്രി. 

മുഖ്യമന്ത്രിയുടെ വാക്കുകൾ:

യുഎഇ കോൺസുലേറ്റ് നൽകിയ സഹായത്തെക്കുറിച്ചാണ് വിവാദമുയർന്നത്. സാധാരണ റംസാൻ കാലത്ത് ലോകത്ത് പലയിടത്തുമുള്ള യുഎഇ എംബസികൾ പല രാജ്യങ്ങൾക്കുമായി സഹായം നൽകാറുണ്ട്. റംസാൻ സമയത്ത് സഹായം നൽകാൻ അവർക്ക് കൊവിഡ് മൂലം കഴിഞ്ഞില്ല. അതിനാൽ അവർ മന്ത്രി കെ ടി ജലീലുമായി ബന്ധപ്പെടുകയായിരുന്നു. 

എന്തുകൊണ്ട് മന്ത്രി കെ ടി ജലീൽ? വഖഫ്, ഹ‍ജ്ജ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് മന്ത്രി ജലീൽ തന്നെയാണ് എന്നതുകൊണ്ടുതന്നെയാണത്. ജലീലല്ലാതെ മറ്റൊരു മന്ത്രിയുമായി ഇക്കാര്യത്തിൽ കോൺസുലേറ്റ് ബന്ധപ്പെട്ടെങ്കിൽ അതിൽ ദുരൂഹത ആരോപിക്കാം. കോൺസുലേറ്റ് തന്നെ ഭക്ഷണക്കിറ്റുകളും മതഗ്രന്ഥത്തിന്‍റെ കോപ്പികളും എത്തിക്കാൻ സഹായിക്കണമെന്ന് പറഞ്ഞപ്പോൾ, സി ആപ്റ്റിൽ നിന്ന് മലപ്പുറത്തേക്ക് പോകുന്ന വാഹനത്തിൽ ഇവ രണ്ടും കൊണ്ടുപോവുകയായിരുന്നു. 

ഇതിൽ ഒരു രൂപ പോലും സർക്കാരിനോ സി ആപ്റ്റിനോ അധികം ചെലവ് വന്നിട്ടില്ല. ആരാധനാലയങ്ങൾ പകുതി മാത്രമേ പ്രവർത്തിക്കുന്നുള്ളൂ എന്നതിനാൽ, ഈ പുസ്തകങ്ങളൊന്നും ഇതുവരെ വിതരണം ചെയ്തിട്ടില്ല. എടപ്പാൾ, ആലത്തിയൂർ എന്നിവിടങ്ങളിലായി ഈ പുസ്തകങ്ങൾ ഇപ്പോഴും സൂക്ഷിച്ചിരിക്കുകയാണ്. ഇത് വിതരണം ചെയ്യേണ്ടെന്ന് അറിയിച്ചാൽ അത് ചെയ്യില്ലെന്നും മന്ത്രി ജലീൽ വ്യക്തമാക്കിയിട്ടുണ്ട്. 

കേരളവുമായി നൂറ്റാണ്ടുകളുടെ ബന്ധമാണ് യുഎഇ. അനൗദ്യോഗികമായി അഭ്യർത്ഥിച്ചപ്പോൾ അതിന് സഹകരിക്കുക മാത്രമാണ് ചെയ്തത്. മന്ത്രി ജലീൽ അങ്ങോട്ട് പോയി ബന്ധപ്പെട്ടതല്ല. യുഎഇ കോൺസുൽ ജനറൽ ഇങ്ങോട്ട് ചോദിച്ചതാണ്. മെയ് 21-നാണ് മന്ത്രി ജലീലിന് സന്ദേശം വന്നത്. അവർ സക്കാത്ത് നൽകാൻ ആഗ്രഹിച്ചു. അതിന് സഹായം നൽകിയത് ന്യൂനപക്ഷങ്ങളെക്കുറിച്ചുള്ള കരുതൽ മാത്രമാണ്. 
ഏതന്വേഷണത്തിനും തയ്യാറാണെന്ന് മന്ത്രി ജലീൽ തന്നെ പറഞ്ഞതാണ്. 

ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ക്രമക്കേടും, അനഭിലഷണീയമായി ഒന്നും നടന്നിട്ടില്ല. 

ഇതിന് ശക്തമായി തിരിച്ചടിച്ചു പ്രതിപക്ഷം. വിദേശത്ത് നിന്ന് സംഭാവന സ്വീകരിക്കുന്ന നിയമങ്ങളെല്ലാം ലംഘിച്ചെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ''ഖുർആൻ ആണ് കൊണ്ട് വന്നത് ആർക്കാണ് ഉറപ്പ്?'', ചെന്നിത്തല ചോദിച്ചു. 

''ഇത് ഗുരുതരമായ പ്രശ്നമാണ്. ഇതിന് പിന്നിൽ വൻ ശക്തികളുണ്ട്. അങ്ങയുടെ മന്ത്രിസഭയിലെ ഒരു മന്ത്രി പറയുന്ന പല കാര്യങ്ങളും അംഗീകരിക്കാനാകില്ല. മതപരമായ കാര്യങ്ങൾ ഇതുമായി കൂട്ടിക്കുഴയ്ക്കരുത്. കോൺസുലേറ്റുമായി എങ്ങനെ ബന്ധം പുലർത്തണമെന്നതിന് കൃത്യമായ നിയമം ഉണ്ട്'', അത് പാലിക്കാത്തതെന്തെന്നും ചെന്നിത്തല ചോദിച്ചു. 

ഇതിന് പിന്നാലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടും ലൈഫ് മിഷനുമായി ബന്ധപ്പെട്ടും മുഖ്യമന്ത്രിക്ക് മറുപടിയെന്ത് എന്ന് ചോദിച്ച് പ്രതിപക്ഷം എഴുന്നേറ്റു നിന്നു. പിന്നീട് പ്രതിപക്ഷം കൂട്ടത്തോടെ നടുത്തളത്തിലിറങ്ങി. 

''വെറുതെ നടുത്തളത്തിൽ നിന്ന് രോഗികളാകണ്ട'', എന്ന് സ്പീക്കർ. ''കാട്ടുകള്ളാ പിണറായീ'', എന്ന് തുടങ്ങി മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടുത്തളത്തിൽ ബഹളം തുടരുന്നു.

തത്സമയസംപ്രേഷണം:

Follow Us:
Download App:
  • android
  • ios