തിരുവനന്തപുരം വിതുരയിൽ ദരിദ്ര കുടുംബത്തിൻ്റെ ടാർപോളിൻ കൊണ്ടുണ്ടാക്കിയ വീട് പൂർണ്ണമായും കത്തിനശിച്ചു. സംഭവസമയത്ത് വീട്ടുകാർ സ്ഥലത്തില്ലാതിരുന്നു. മുൻപ് ഒപ്പം താമസിച്ചിരുന്നയാൾ ഭീഷണിപ്പെടുത്തിയെന്നും ഇയാളാണ് വീട് കത്തിച്ചതെന്നും സുമംഗലയുടെ പരാതി

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദരിദ്ര കുടുംബത്തിൻ്റെ മരക്കമ്പുകളും ടാർപോളിൻ ഷീറ്റും കൊണ്ട് നിർമിച്ച വീട് കത്തിനശിച്ചു. വിതുര പഞ്ചായത്തിലെ മണലി നെട്ടയം ഉന്നതിയിലെ സുമംഗലയുടെ വീടാണ് ബുധനാഴ്ച പുലർച്ചയോടെ കത്തിച്ചത്. സുമംഗലയും പിതാവ് കൃഷ്ണൻകാണിയുമാണ് ഇവിടെ താമസിച്ചിരുന്നത്. തനിക്കൊപ്പം താമസിച്ചിരുന്ന മലയടി സ്വദേശിയെ പ്രതിയാക്കി സുമംഗല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

സംഭവസമയത്ത് അച്ഛനും മകളും ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാനായി പോയിരുന്നു. കാട്ടുകമ്പും ഈറ്റയിലയും ടാർപ്പോളിനും കൊണ്ട് നിർമ്മിച്ച വീടായിരുന്നു ഇത്. തീ പടർന്നത് കണ്ട് നാട്ടുകാർ എത്തിയെങ്കിലും വീട് പൂർണമായും കത്തിയിരുന്നു. മരക്കമ്പുകളും ഈറ്റയിലയുമായതിനാൽ തീ അതിവേഗം വീടിനെ വിഴുങ്ങി. വീടിനകത്ത് സൂക്ഷിച്ചിരുന്ന ഔദ്യോഗിക രേഖകളും പാത്രങ്ങളുമടക്കം സർവതും കത്തിനശിച്ചു. വർഷങ്ങളായി സുമംഗലക്കൊപ്പം താമസിച്ചിരുന്ന മലയടി സ്വദേശി നാല് മാസം മുൻപ് പിണങ്ങിപ്പോയതായി സുമംഗല പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. കുറച്ച് ദിവസം മുൻപ് സുമംഗലയെ ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ആരോപണമുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നിർദ്ധന കുടുംബത്തിൻ്റെ വീട് തീയിട്ട് നശിപ്പിച്ച പ്രതിക്കെതിരെ കർശന നടപടി വേണമെന്ന് പഞ്ചായത്ത് ഭാരവാഹികളും ആദിവാസി സംഘടനകളും ആവശ്യപ്പെട്ടു.