തിരുവനന്തപുരം: പൊലീസിൽ നാൽപ്പത് അധിക തസ്തിക സൃഷ്ടിക്കണമെന്ന ഡിജിപിയുടെ ശുപാര്‍ശ ആഭ്യന്തര വകുപ്പ് തള്ളി. സംസ്ഥാനത്തിന്‍റെ സാമ്പത്തിക സ്ഥിതി അറിയാമോ എന്ന വിമര്‍ശനത്തോടെയാണ് ഡിജിപിയുടെ ആവശ്യം ആഭ്യന്തര വകുപ്പ് തള്ളിയത്. സ്ഥാനക്കയറ്റത്തിനുള്ള തടസം നീക്കാനാണ് നാൽപ്പത് പുതിയ തസ്കിക എന്ന ഡിജിപിയുടെ വിശദീകരണത്തിന് ജനസേവനം മുൻനിര്‍ത്തിയാണ് പുതിയ തസ്തിക ഉണ്ടാകേണ്ടതെന്നും ആഭ്യന്തര വകുപ്പ് ഡിജിപിയെ ഓര്‍മ്മിപ്പിക്കുന്നു.

പുതിയ തസ്തികകൾ ഉണ്ടായാൽ എസ്ഐ ആയി സര്‍വീസിലെത്തുന്നവര്‍ക്ക് എസ്പിയായി വിരമിക്കാമെന്നതാണ് പൊലീസ് മേധാവിയുടെ വാദം . എന്നാൽ സംസ്ഥാനത്തിന്‍റെ ധനസ്ഥിതി അറിയാവുന്ന ഡിജിപി ഇങ്ങനെ ശുപാര്‍ശ ചെയ്യാൻ പാടില്ലായിരുന്നുവെന്നാണ് അഭ്യന്തര വകുപ്പിന്‍റെ വിമര്‍ശനം. സ്ഥാനക്കയറ്റം ഉറപ്പാക്കാനല്ല ,മറിച്ച് ജനങ്ങള്‍ക്ക് സേവനത്തിനാണ് പുതിയ തസ്തികയുണ്ടാക്കേണ്ടതെന്നും ശുപാര്‍ശ തള്ളിക്കൊണ്ട് ആഭ്യന്തര വകുപ്പിന്‍റെ കുറിപ്പിൽ പറയുന്നു.

മുഖ്യമന്ത്രിയ്ക്ക് ഫയല്‍ കൈമാറാതെയാണ് ഡിജിപിയുടെ ശുപാർശ ആഭ്യന്തര സെക്രട്ടറി  ബിശ്വാസ് മേത്ത മടക്കി അയച്ചത്. പൊലീസ് സംഘടനകളുടെ സമ്മർദ്ദത്തെ തുടർന്നാണ് കൂട്ടത്തോടെ പുതിയ തസ്തികള്‍ സൃഷ്ടിക്കണമെന്ന് ഡിജിപി സർക്കാരിനോട് ശുപാര്‍ശ ചെയ്തതെന്നാണ് വിവരം.