ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ വള്ളക്കടവിൽ വനത്തോട് ചേർന്നുള്ള ഷെഡ്ഡിലാണ് ദർശനും സഹോദരി ദക്ഷ്ഷിണയും അമ്മ വിനുവും വിനുവിന്റെ രോ​ഗിയായ അച്ഛനും കഴിഞ്ഞിരുന്നത്.

ഇടുക്കി: ഏറ്റവും വലിയൊരു സ്വപ്നം യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് ദർശനും കുടുംബവും. മഴ കനത്താൽ ഏത് നിമിഷവും തകർന്നു വീഴേക്കാവുന്ന ഷെഡിൽ ജീവൻ കയ്യിൽ പിടിച്ച് കഴിഞ്ഞു കൂടിയിരുന്ന മൂന്നാം ക്ലാസുകാരൻ ദർശനും അമ്മക്കും കൊച്ചു സഹോദരിക്കും അപ്പൂപ്പനും ഇനി പുതിയ വീട്ടിൽ അന്തിയുറങ്ങാം. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാർ വള്ളക്കടവിൽ വനത്തോട് ചേർന്നുള്ള ഷെഡ്ഡിലാണ് ദർശനും സഹോദരി ദക്ഷ്ഷിണയും അമ്മ വിനുവും വിനുവിന്റെ രോ​ഗിയായ അച്ഛനും കഴിഞ്ഞിരുന്നത്. വന്യമൃ​ഗശല്യവും ഇവിടെ രൂക്ഷമായിരുന്നു. കുടുംബത്തിന്റെ അത്താണിയായിരുന്ന ദർശന്റെ അച്ഛൻ‌ കാളിദാസന്റെ സംസ്കാര ചടങ്ങിനെത്തിയപ്പോഴാണ് അധ്യാപകർ ഇവരുടെ ദുരവസ്ഥ അറിഞ്ഞത്. തുടർന്നാണ് മാധ്യമങ്ങളിലൂടെ ഈ കുടുംബത്തിന്റെ അവസ്ഥ പുറംലോകമറിഞ്ഞത്. 

ഇതോടെ സുമനസ്സുകൾ സഹായവുമായെത്തി. വഞ്ചിവയൽ സ്കൂളിലെ പിടിഎ സ്കൂളിന്റെ നിർമ്മാണ ചുമതല ഏറ്റെടുത്തു. പത്ത് ലക്ഷം രൂപ ചെലവിൽ രണ്ട് മുറിയും ഹാളും അടുക്കളയും ശുചിമുറിയുമുള്ള വീട് പണിതു നൽകി. വീടിന്റെ മുന്നിൽ സംരക്ഷണ ഭിത്തി കെട്ടുന്നത് ഉൾപ്പെടെയുള്ള ജോലികൾ അടുത്ത ദിവസം പൂർത്തിയാക്കും. വഞ്ചിവയൽ സ്കൂളിൽ നടന്ന ചടങ്ങിൽ വി​ദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വിനുവിനും മക്കൾക്കും വീടിന്റെ താക്കോൽ കൈമാറി. മഴയെയും വന്യമൃ​ഗങ്ങളെയും പേടിക്കാതെ ഇനി ഈ കുടുംബത്തിന് അന്തിയുറങ്ങാം.