Asianet News MalayalamAsianet News Malayalam

മിസ്ഡ് കോളിൽ പരിചയം, വിളിച്ചുവരുത്തി വിവാഹം; വ്യാപാരിയെ കുടുക്കിയ ഹണി ട്രാപ്പ് സംഘം കാസർകോട് പിടിയിൽ

അബ്ദുല്‍ സത്താറിനെ സാജിത മിസ് കോളിലൂടെയാണ് വലയിലാക്കിയത്. പിന്നീട് സത്താറിനെ കാഞ്ഞങ്ങാട് എത്തിച്ച പ്രതികള്‍ കല്യാണ നാടകവും നടത്തി

Honey trap team arrested in Kasaragod on Kochi native merchant complaint
Author
Hosdurg, First Published Aug 20, 2021, 4:42 PM IST

കാസർകോട്: കൊച്ചി സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അടക്കം നാല് പേര്‍ കാസര്‍കോട്ട് അറസ്റ്റില്‍. കൊലക്കേസ് പ്രതികളും നേരത്തെ ഹണി ട്രാപ്പില്‍ അറസ്റ്റിലായവരുമാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തിലാണ് ഹൊസ്‌ദുർഗ് പൊലീസിന്റെ അന്വേഷണം.

കാസർകോട് മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍, ഇയാളുടെ ഭാര്യ സക്കീന എന്ന ഫാത്തിമ, വിദ്യാനഗര്‍ സ്വദേശി സാജിത, പയ്യന്നൂര്‍ സ്വദേശി ഇഖ്ബാല്‍ എന്നിവരാണ് പിടിയിലായത്. കൊച്ചി കടവന്ത്ര സ്വദേശിയും വ്യാപാരിയുമായ അബ്ദുല്‍ സത്താറിന്‍റെ പരാതിയിലാണ് അറസ്റ്റ്. ഹണി ട്രാപ്പില്‍ കുടുക്കി 3.75 ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തെന്നാണ് കേസ്.

അബ്ദുല്‍ സത്താറിനെ സാജിത മിസ് കോളിലൂടെയാണ് വലയിലാക്കിയത്. പിന്നീട് സത്താറിനെ കാഞ്ഞങ്ങാട് എത്തിച്ച പ്രതികള്‍ കല്യാണ നാടകവും നടത്തി. തങ്ങളുടെ മകളാണ് സാജിതയെന്ന് പറഞ്ഞാണ് ഉമ്മറും ഫാത്തിമയും പരിചപ്പെടുത്തിയിരുന്നത്. കാഞ്ഞങ്ങാട് കൊവ്വല്‍പള്ളിയിലെ ഒരു വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. കിടപ്പുമുറിയില്‍ രസഹ്യ ക്യാമറ സ്ഥാപിച്ച് സംഘം സാജിതയുടേയും സത്താറിന്‍റേയും ദൃശ്യങ്ങള്‍ പകര്‍ത്തി. ഇവ സത്താറിന്‍റെ ഭാര്യക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണ്ണവും കവര്‍ന്നത്.

കല്യാണം കഴിച്ച കാര്യം പുറത്ത് പറയാതിരിക്കാനാണ് സത്താര്‍ പണവും സ്വര്‍ണ്ണവും നല്‍കിയത്. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഹണി ട്രാപ്പ് കേസുകളില്‍ സാജിത നേരത്തേ പ്രതിയാണ്. ഉമ്മറും ഫാത്തിമയും കൊലക്കേസ് പ്രതികളാണ്. ഫാത്തിമയുടെ മുന്‍ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയ കേസിലാണ് ഇരുവരും പ്രതിപ്പട്ടികയിലുള്ളത്. ഫാത്തിമയും കാമുകന്‍ ഉമ്മറും ചേര്‍ന്ന് മുഹമ്മദ് കുഞ്ഞിയെ കൊന്ന് ചാക്കില്‍ കെട്ടി ചന്ദ്രഗിരിപ്പുഴയില്‍ ഉപേക്ഷിച്ചതായാണ് 2012 ല്‍ കണ്ടെത്തിയത്. ഹണി ട്രാപ്പ് സംഘത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളതായാണ് ഹൊസ്ദുര്‍ഗ് പൊലീസിന്റെ നിഗമനം. ഇവർ കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ കുടുക്കിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios