Asianet News MalayalamAsianet News Malayalam

സിപിഐക്ക് സ്വാഗതമെന്ന് മുല്ലപ്പള്ളി: 'സിപിഎമ്മിൽ ചർച്ച എല്ല് പൊട്ടിയോ ഇല്ലയോ എന്ന് മാത്രം'

ഒരുപാട് നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് സിപിഐ. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം യുഡിഎഫില്‍ എന്നുമുണ്ട്. സിപിഎമ്മിനുണ്ടായ അധഃപതനത്തില്‍ ഇടതുപക്ഷത്തെ നല്ല മനസുകള്‍ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

hopeful about cooperating with cpi in future
Author
Malappuram, First Published Jul 27, 2019, 12:43 PM IST

മലപ്പുറം: സിപിഐയുമായി ഭാവിയില്‍ കൂട്ടുകൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എല്ല് പൊട്ടിയോ ഇല്ലയോ എന്നതിനെക്കുറിച്ച് മാത്രം ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു. മലപ്പുറം ഡിസിസി സംഘടിപ്പിച്ച ജില്ലാ നേതൃക്യാംപ് ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോള്‍ ആണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്. 

സിപിഐ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അവര്‍ക്കൊപ്പം ഞങ്ങള്‍ ഭരിച്ച ഒരു കാലമുണ്ടായിരുന്നു. അതെല്ലാം മനസ്സില്‍ വച്ചാണ് ഞാനിത് പറയുന്നത്. ഒരുപാട് നല്ല നേതാക്കളുള്ള പാര്‍ട്ടിയാണ് സിപിഐ. അവര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള അവസരം യുഡിഎഫില്‍ എന്നുമുണ്ട്. സിപിഎമ്മിനുണ്ടായ അധപതനത്തില്‍ ഇടതുപക്ഷത്തെ നല്ല മനസുകള്‍ ആശങ്കയിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു. 

പരസ്പരം പരദൂഷണം പറയുന്നവര്‍ക്കല്ല, പ്രവര്‍ത്തിക്കുന്നവര്‍ക്കായിരിക്കും ഇനി പാര്‍ട്ടിയില്‍ സ്ഥാനമെന്ന് മുല്ലപ്പള്ളി പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ മാത്രം യുഡിഎഫ് പരാജയപ്പെട്ടു. കോണ്‍ഗ്രസിന് പറ്റിയ വീഴ്ചയാണ് ഇത്. 

കോണ്‍ഗ്രസിന്‍റെ പോഷക സംഘടനകള്‍ ഉപരിവിപ്ലമായി പ്രവര്‍ത്തിക്കുന്നവരായി മാറരുത്. ദേശീയ തലത്തില്‍ ഇപ്പോള്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിയില്‍ ഭയമില്ല. ഈ പരാജയം തത്കാലത്തേക്ക് മാത്രമാണ്. ഒന്നായി നിന്നാല്‍ ശക്തമായി തിരിച്ചു വരാനാകുമെന്നും മുല്ലപ്പള്ളി പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു. 

സോഷ്യല്‍ മീഡിയയുടെ സാധ്യത നന്നായി ഉപയോഗിക്കുകയാണ് വേണ്ടത്. വേറെ ഏതെങ്കിലും പാർട്ടിക്കാർ അവരുടെ നേതാവിനെ സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നില്ല. കോൺഗ്രസ് നേതാക്കന്മാരെ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ വിമർശിക്കാൻ നിന്നാൽ ഈ പാർട്ടി എവിടെയെത്തുമെന്ന് മുല്ലപ്പള്ളി ചോദിച്ചു.

ഫേസ്ബുക്കിലെ അപകീർത്തി നാടകത്തിൽ പാർട്ടിയിലെ നേതാക്കൾക്കും പങ്കുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. നേതാക്കന്‍മാരെ വിമര്‍ശിക്കാന്‍ ഇന്‍റേര്‍ണല്‍ സംവിധാനം ഉപയോഗിക്കുക. ഇരുതല മൂര്‍ച്ചയുള്ള വാളാണ്സോഷ്യൽ മീഡിയ ചിന്തിച്ച് ഉപയോഗിച്ചില്ലെങ്കിൽ കൈ മുറിയുമെന്നും മുല്ലപ്പള്ളി പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. 

Follow Us:
Download App:
  • android
  • ios