ഹെൽത്ത് ഇൻസ്‌പെക്ടറും സംഘവും സ്ഥാപനത്തിൽ പരിശോധന നടത്തിയതിൽ സ്ഥാപനത്തിലെ വൃത്തിഹീനത, ഉപയോഗശൂന്യമായ പാകം ചെയ്തു സൂക്ഷിച്ചിരുന്ന പോത്തിറച്ചി, പുഴുങ്ങിയ മുട്ട, ഉപയോഗശൂന്യമായ പാകം ചെയ്യാത്ത മത്സ്യം എന്നിവ കണ്ടെത്തി.
കല്‍പ്പറ്റ: വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ കമ്പളക്കാട്ടെ ഹോട്ടൽ ആരോഗ്യ വകുപ്പ് അധികൃതർ അടപ്പിച്ചു. ഇവിടെ നിന്ന് പഴകിയ ഭക്ഷണപദാർഥങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ കമ്പളക്കാട് ക്രൗൺ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും, വയറിളക്കവും ക്ഷീണവും അനുഭവപ്പെട്ടത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തടിയ സംഘം ഇന്ന് വൈകുന്നേരത്തോടെ ആശുപത്രി വിട്ടു.
സംഭവത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം കമ്പളക്കാട് ഹോട്ടലിൽ എത്തി പരിശോധന നടത്തിയിരുന്നു. പിന്നീട് വരദൂർ ഹെൽത്ത് ഇൻസ്‌പെക്ടറും സംഘവും സ്ഥാപനത്തിൽ പരിശോധന നടത്തിയതിൽ സ്ഥാപനത്തിലെ വൃത്തിഹീനത, ഉപയോഗശൂന്യമായ പാകം ചെയ്തു സൂക്ഷിച്ചിരുന്ന പോത്തിറച്ചി, പുഴുങ്ങിയ മുട്ട, ഉപയോഗശൂന്യമായ പാകം ചെയ്യാത്ത മത്സ്യം എന്നിവ കണ്ടെത്തി. തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിനെ വിവരമറിയിച്ചതിനെതുടർന്നു സാമ്പിളുകൾ ശേഖരിച്ചു പരിശോധനക്കയക്കുകയും ചെയ്തു.
പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ ഉടമയെക്കൊണ്ട് തന്നെ നശിപ്പിച്ചു. ആരോഗ്യ വകുപ്പ് ഇദ്ദേഹത്തിന് രേഖാമൂലം നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഹോട്ടൽ അടച്ചത്. പരിശോധന തുടരുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു. പരിശോധനയിൽ വരദൂർ ഹെൽത്ത് ഇൻസ്‌പെക്ടർ എ.കെ. മനോജ്, ഭക്ഷ്യസുരക്ഷി ഓഫിസർ രേഷ്മ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.പി. വിനോദ്, ഷാനിവാസ് വാഴയിൽ തുടങ്ങിയവർ . അതേ സമയം സംഘത്തിലെ പലരും പല വിഭവങ്ങളാണ് കഴിച്ചിരുന്നത്. ഇത് കാരണം ഏത് ഭക്ഷണത്തിൽ നിന്ന് വിഷബാധയുണ്ടായി എന്ന് സ്ഥിരീകരിക്കാനാകാത്ത സ്ഥിതിയായിരുന്നു.
