'ഷവർമ്മ മാർഗനിർദേശം' കാറ്റിൽ പറത്തി ഹോട്ടലുകൾ, അനുമതിയില്ലാത്ത തട്ടുകടകൾ; തലസ്ഥാനത്ത് സുരക്ഷിതമല്ല ഭക്ഷണം
ഹെയർ ക്യാപ്പുണ്ട്. പക്ഷെ കൈയിൽ ഗ്ലൗസില്ല. ഷവർമ്മ സ്റ്റാൻഡിൽ നിന്ന് അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണമെന്നാണ്, അതുണ്ടായില്ല. ഇത് തലസ്ഥാനത്തെ ഒരു ഷവർമ്മ കടയിൽ നിന്ന് നേരിട്ട് പാഴ്സൽ വാങ്ങിയപ്പോഴുള്ള സാധാരണ കാഴ്ച്ച

തിരുവനന്തപുരം : പ്രഖ്യാപനങ്ങൾക്കപ്പുറം, തീരുമാനങ്ങൾ കൃത്യമായി നടപ്പാക്കാത്തതാണ് ഹോട്ടൽ ഭക്ഷണം സുരക്ഷിതമാക്കുന്നതിൽ സംസ്ഥാനത്തെ ഏറ്റവും വലിയ തിരിച്ചടി. ചെറുവത്തൂരിലെ ദേവനന്ദയുടെ മരണശേഷം പുറത്തിറക്കിയ 'ഷവർമ്മ മാർഗനിർദേശം' പലരും മറന്ന സ്ഥിതിയിലാണ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്ലാതെ തന്നെ ഭക്ഷണം കൈകാര്യം ചെയ്യുന്ന കടകൾക്ക് ലൈസൻസും രജിസ്ട്രേഷനും ലഭിക്കുന്ന സ്ഥിതിക്കും മാറ്റമില്ല.
ഹെയർ ക്യാപ്പുണ്ട്. പക്ഷെ കൈയിൽ ഗ്ലൗസില്ല. ഷവർമ്മ സ്റ്റാൻഡിൽ നിന്ന് അരിയുന്ന ഇറച്ചി വീണ്ടും വേവിച്ചെന്ന് ഉറപ്പാക്കണമെന്നാണ്, അതുണ്ടായില്ല. ഇത് തലസ്ഥാനത്തെ ഒരു ഷവർമ്മ കടയിൽ നിന്ന് നേരിട്ട് പാഴ്സൽ വാങ്ങിയപ്പോഴുള്ള സാധാരണ കാഴ്ച്ച. പാഴ്സൽ വാങ്ങുകയാണെങ്കിൽ സുരക്ഷിതത്വം ഉറപ്പാക്കാൻ ഷവർമ്മ ഉണ്ടാക്കിയ സമയം, തിയതി എന്നീ വിവരങ്ങൾ പ്രത്യേകം രേഖപ്പെടുത്തണം എന്നായിരുന്നു മറ്റൊരു മാർഗനിർദേശം.
ഇതാണ് ഷവർമ്മയ്ക്ക് മാത്രമായി പുറത്തിറക്കിയ മാർഗനിർദേശത്തിന്റെ സ്ഥിതി. കടകൾക്ക് പ്രവർത്തിക്കാാനുള്ള ലൈസൻസ്, രജിസ്ട്രേഷൻ എന്നിവയ്ക്ക് മുന്നോടിയായുള്ള പരിശോധനകളാണ് മറ്റൊന്ന്. അനുമതി നൽകും മുൻപ് എല്ലായിടത്തും പരിശോധനയ്ക്കെത്താൻ സംവിധാനങ്ങളില്ലാത്തതിനാൽ എണ്ണ, മാംസം, പാൽ തുടങ്ങിയവ കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ കാര്യത്തിൽ മാത്രമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസൻസിന് മുൻപ് നിർബന്ധിത പരിശോധന നടത്തുന്നത്. ബാക്കിയുള്ളവ തദ്ദേശസ്ഥാപനങ്ങളുടെ പരിശോധന കഴിഞ്ഞ്, നിശ്ചിത സമയം കഴിഞ്ഞാൽ അനുമതി കിട്ടിയതായി കണക്കാക്കി പ്രവർത്തനം തുടങ്ങുകയാണ്. തട്ടുകടകളാകട്ടെ രജിസ്ട്രേഷൻ ഉപയോഗിച്ചാണ് പ്രവർത്തനം. ഇവയെ കൂടുതൽ ഗൗരവമുള്ള തരത്തിൽ ലൈസൻസിന് കീഴിൽ കൊണ്ടുവരാൻ ശ്രമം നടക്കുന്നതേ ഉള്ളൂ. എല്ലാത്തിനും പുറമെ ഇതൊന്നും എടുക്കാത്തവർ വേറെയും. അതായത് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിച്ച് ഉറപ്പാക്കിയ ശേഷം സുരക്ഷിത ഭക്ഷണം കഴിക്കാൻ ഏറെക്കാലം കാത്തിരിക്കേണ്ടി വരും.
തിരുവനന്തപുരം നഗരസഭാ പരിധിയിൽ മാത്രം 47 തട്ടുകടകളും ഹോട്ടലുകളുമാണ് അനുമതിയില്ലാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തിയത് എന്നത് ഇതിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഒരു തവണ നോട്ടീസ് നൽകിയിട്ടും വീണ്ടും ലൈസൻസെടുക്കാൻ തയാറാകാതിരുന്ന 8 കടകൾക്ക് വീണ്ടും നോട്ടീസ് നൽകേണ്ടി വന്നു. അപകടങ്ങൾ ആവർത്തിക്കുമ്പോഴും അനുമതി പോലും നേടാതെ പ്രവർത്തിക്കുന്നവ ഇനിയും ചുറ്റുമുണ്ടെന്ന് ചുരുക്കം.