ആലപ്പുഴ: കോടതി ഉത്തരവുണ്ടായിട്ടും തൊണ്ടിമുതല്‍ വിട്ടുനല്‍കാത്ത എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ നിയമ നടപടിയുമായി ഹൗസ് ബോട്ടുടമ. ലോക്ക് ഡൗണ്‍ കാലയളവില്‍ ഹൗസ് ബോട്ടിനുള്ളില്‍ ചാരായം വാറ്റുന്നതിനുള്ള 125 ലിറ്റര്‍ കോട സൂക്ഷിച്ചു എന്നാരോപിച്ച് ആലപ്പുഴ നോര്‍ത്ത് പൊലീസ് കണ്ടുകെട്ടി എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് കൈമാറിയ ഹൗസ് ബോട്ടിന്റെ ഉടമയാണ് ജില്ലാകോടതിയില്‍ ഹര്‍ജി നല്‍കിയത്.

നേരത്തെ, ബോട്ടുടമ ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അഞ്ചു ലക്ഷം രൂപ വീതമുള്ള രണ്ടു പേരുടെ ജാമ്യത്തില്‍ ഹൗസ്‌ബോട്ട് വിട്ടുനല്‍കാന്‍ ഉത്തരവായിരുന്നു. എന്നാല്‍, ഉടമയ്ക്ക് ഹൗസ് ബോട്ട് നല്‍കാന്‍ നിര്‍ദേശിച്ച് മജിസ്‌ട്രേറ്റ് നല്‍കിയ ഉത്തരവ് ആലപ്പുഴ ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ തിരസ്‌കരിച്ചെന്നാണ് പരാതി. കോടതി ഉത്തരവ് ലംഘിച്ചതിന് പ്രോസിക്യൂഷന്‍ നടപടികള്‍ ആവശ്യപ്പെട്ടും ഹൗസ്‌ബോട്ട് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് ഉടമ ജില്ലാ കോടതിയില്‍ സത്യവാങ്മൂലവും ഹര്‍ജിയും ബോധിപ്പിച്ചു.

എക്‌സൈസ് കസ്റ്റഡിയില്‍ അലക്ഷ്യമായി ഹൗസ് ബോട്ട് കെട്ടിയിരിക്കുന്നതിനാല്‍ കാറ്റത്ത് കായലോരത്തെ കല്ലുകളിലിടിച്ച് വന്‍നാശനഷ്ടം ഉണ്ടായി എന്ന് ഫോട്ടോ സഹിതം ബോധിപ്പിച്ചാണ് ഹര്‍ജിക്കാരന്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

ലോക്ക് ഡൗണ്‍ കാലയളവില്‍ പുന്നമടക്കായലില്‍ കെട്ടിയിട്ടിരുന്ന ഹൗസ് ബോട്ടില്‍ ചാരായം നിര്‍മ്മിക്കുന്നതിനാവശ്യമായ 125 ലിറ്റര്‍ കോട നോര്‍ത്ത് പൊലീസ് കണ്ടെടുത്തിരുന്നു. ഉടമയില്‍ നിന്ന് ബോട്ട് ലീസിനെടുത്ത വ്യക്തിയുടെ മകനേയും ബന്ധുവിനേയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്‌തു. കേസില്‍ പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. പി പി ബൈജു ഹാജരായി. 

അമ്മ ചോദിച്ചപ്പോഴും പറഞ്ഞത് പച്ചക്കറി തൈ എന്ന്; വീട്ടില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍

വാട്ട്സ്ആപ്പ് വഴി അ​ശ്ലീ​ലം പ്രചരിപ്പിച്ചു: പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാജിവച്ചു