വാർത്ത ഫലം കണ്ടു, ബിജുവിന് വീടൊരുങ്ങുന്നു, ഇനി മേല്‍പ്പാലത്തിനടിയില്‍ അന്തിയുറങ്ങേണ്ട
കാറ്റും മഴയും വെയിലുമേറ്റ് ഒരു പാലത്തിനടിയിൽ കഴിയുന്ന ബിജുവിൻ്റെയും കുടുംബത്തിൻ്റെയും ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത് അടുത്തിടെയാണ്.
തിരുവനന്തപുരം: തലചായ്ക്കാൻ ഇടമില്ലാതെ തിരുവനന്തപുരം നഗരത്തിലെ മേൽപ്പാലത്തിനടിയിൽ കഴിഞ്ഞ ബിജുവിനും കുടുംബത്തിനും ഒടുവിൽ വീടൊരുങ്ങുന്നു. അപ്രതീക്ഷിത ജീവിത സാഹചര്യങ്ങൾ മൂലം തെരുവിലിറങ്ങേണ്ടി വന്ന കുടുംബത്തിൻ്റെ ദുരവസ്ഥയെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാർത്ത കണ്ട് സുമനസുകൾ വീട് നൽകാൻ തയ്യാറായി രംഗത്തെത്തിയിരിക്കുകയാണ്.
കാറ്റും മഴയും വെയിലുമേറ്റ് ഒരു പാലത്തിനടിയിൽ കഴിയുന്ന ബിജുവിൻ്റെയും കുടുംബത്തിൻ്റെയും ദുരവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത് അടുത്തിടെയാണ്. ചെറുതല്ലെങ്കിലും അടച്ചുറപ്പുള്ള ഒരു വീട്. അത് മാത്രമായിരുന്നു ഈ കുടുംബത്തിന്റെ ആവശ്യം. അത് സാധ്യമാകുന്നതിൻ്റെ സന്തോഷമാണ് ഇപ്പോൾ ബിജുവിൻ്റെ കണ്ണുകളിൽ.
വാര്‍ത്ത ശ്രദ്ധയിൽപ്പെട്ട തിരുവനന്തപുരം സ്വദേശിയായ ഒരു ഡോക്ടറാണ് ആദ്യം സഹായവുമായി എത്തിയത്. ഒരു വർഷത്തേക്ക് മാസം 5,000 രൂപ വീതം ബിജുവിനും കുടുംബത്തിനും നൽകാമെന്ന് ഡോക്ടർ ഉറപ്പ് നൽകി. പിന്നാലെ കോല്ലത്ത് നാല് സെൻ്റ് സ്ഥലവും വീടും സൗജന്യമായി നൽകാൻ തയ്യാറായി മറ്റൊരാളും രംഗത്തെത്തി, പേരു വെളിപ്പെടരുതെന്ന അഭ്യാര്‍ഥനയോടെ. എല്ലാവരോടും ഈ കുടുംബത്തിന് സ്നേഹം മാത്രം. ഒരു വീട് എന്ന സ്വപ്നത്തിലേക്ക് അടുക്കുന്നതിൻ്റെ കാത്തിരിപ്പിലാണ് ബിജുവും ഗിരിജയും.