തൃശൂര്‍: സ്വഭാവദൂഷ്യമുണ്ടെന്ന് ക്ഷേത്രത്തിലെ കോമരം കൽപ്പിച്ചതിനെ തുടര്‍ന്നുണ്ടായ മനോവിഷമത്തിൽ വീട്ടമ്മ ആത്മഹത്യ ചെയ്തു. തൃശൂര്‍ അന്തിക്കാടാണ് സംഭവം. തൃശ്ശൂർ മണലൂർ സ്വദേശി ശ്യാംഭവിയാണ് ബുധനാഴ്ച തൂങ്ങി മരിച്ചത്. 

കുടുംബക്ഷേത്രത്തിലെ തോറ്റംപാട്ടിനിടെ കഴിഞ്ഞ ആഴ്ചയാണ് വീട്ടമ്മ സ്വഭാവ ദൂഷ്യമുള്ളയാളാണെന്ന് കോമരം പറഞ്ഞത്. ഇരുനൂറോളം ആളുകൾക്ക് മുന്നിൽ വച്ചായിരുന്നു കോമരത്തിന്‍റെ കൽപ്പന. സ്വഭാവ ദൂഷ്യത്തിന് കുടുംബ ക്ഷേത്രത്തിൽ മാപ്പ് പറയണമെന്നും കോമരം ആവശ്യപ്പെട്ടു.  ഇതിന്‍റെ അപമാന ഭാരത്തിലാണ് വീട്ടമ്മ ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. രണ്ട് കുട്ടികളുടെ അമ്മയാണ് ശ്യാംഭവി.

കോമരമായ പ്രദേശത്തെ യുവാവ് ശ്രീകാന്തും സുഹൃത്ത് ജനമിത്രനും നേരത്തെയും യുവതിയെപ്പറ്റി ദുഷ്പ്രചാരണം നടത്തിയിരുന്നെന്നും കുടുംബം ആരോപിച്ചു. അന്തിക്കാട് പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രദേശവാസികളുടെ മൊഴിയെടുത്ത് വിശദമായി അന്വേഷണം നടത്തുമെന്നാണ് പൊലീസ് പറയുന്നത്.