ചിങ്ങോലി: ആൻജിയോഗ്രാം നടത്തുന്നതിനിടെ യന്ത്ര ഭാഗം ഹൃദയ വാൽവിൽ ഒടിഞ്ഞ് കയറി വീട്ടമ്മ മരിച്ച  സംഭവത്തിൽ സ്വകാര്യ ആശുപത്രിയുടെ ചികിത്സാ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ. ആലപ്പുഴ ചിങ്ങോലി സ്വദേശി ബിന്ദു  ആണ് മരിച്ചത്. ബന്ധുക്കൾ ആലപ്പുഴ എസ് പിക്ക് പരാതി നൽകി. തട്ടാരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അപടമുണ്ടായത്.

കഴിഞ്ഞമാസം 4 നാണ് മാവേലിക്കര തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ തലകറക്കവും ഛർദ്ദിയും ആയി വീട്ടമ്മ ചികിത്സ തേടുന്നത് .തുടർന്ന് ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടോ എന്ന് പരിശോധിക്കാനാണ് ആൻജിയോഗ്രാം നടത്തിയത്. ഇതിനിടെ യന്ത്ര ഭാഗം ഒടിഞ്ഞു കയറിയെന്നാണ് ബന്ധുക്കളുടെ ആരോപണം. തുടർന്ന് ബിന്ദുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് അടിയന്തരമായി മാറ്റുകയായിരുന്നു.അവിടെവച്ച് ഓപ്പൺ ഹാർട്ട് ശസ്ത്രക്രിയ നടത്തി ഹൃദയത്തിൽ ഉണ്ടായിരുന്ന ട്യൂബ് മാതൃകയിലുള്ള യന്ത്രത്തിന്റെ ഭാഗം നീക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ ചൊവ്വാഴ്ചയാണ് മരിച്ചത്. 

 യന്ത്ര ഭാഗം ഒടിയുന്നത് അപൂർവങ്ങളിൽ അപൂർവമായി സംഭവിക്കാമെന്നും പിഴവ് ഉണ്ടായിട്ടില്ലെന്നുമാണ്  തട്ടാരമ്പലം വി എസ് എം ആശുപത്രി വ്യക്തമാക്കിയത്.