മലപ്പുറം: മലപ്പുറം എടക്കരയില്‍ റോഡ് നിര്‍മ്മാണത്തിന്‍റെ പേരില്‍ ഭീഷണിപ്പെടുത്തി കിടപ്പാടം കയ്യേറാൻ നിലമ്പൂര്‍ എംഎല്‍എ പി വി അൻവര്‍ ശ്രമിക്കുന്നുവെന്ന് വീട്ടമ്മയുടെ പരാതി. സര്‍ക്കാര്‍ ഉത്തരവുകളോ കൂടിയാലോചനോ ഇല്ലാതെ റിയല്‍ എസ്റ്റേറ്റ് താത്പര്യത്തിലാണ് എംഎല്‍എ ബൈപ്പാസ് റോഡ് നിര്‍മ്മിക്കാൻ ശ്രമിക്കുന്നതെന്നും വീട്ടമ്മ പരാതിപ്പെട്ടു.

എടക്കര സ്വദേശിയും റിട്ടേര്‍ഡ് അധ്യാപികയുമായ ഗീതാകുമാരിയാണ് പി വി അൻവര്‍ എംഎല്‍എക്കെതിരെ പരാതിയുമായി ജില്ലാ കളക്ടറെ സമീച്ചത്. പത്ത് സെന്‍റ് സ്ഥലത്താണ് ടീച്ചറുടെ വീട്.ബൈപ്പാസ് റോഡ് നിര്‍മ്മിക്കാൻ ഈ സ്ഥലത്തിന്‍റെ ഒരു ഭാഗം വിട്ടുകൊടുക്കണമെന്നാണ് പി വി അൻവര്‍ ഭീഷണിയുടെ സ്വരത്തില്‍ ആവശ്യപെടുന്നതെന്ന് ഗീതാകുമാരി പരാതിപ്പെട്ടു. 

ഏക്കര്‍കണക്കിന് ഭൂമിയുള്ള ചിലയാളുകള്‍ റോഡിന് സ്ഥലം വിട്ടുകൊടുത്തിട്ടുള്ളത് ഭൂവില ഉയരുമെന്ന പ്രതീക്ഷയിലാണ്. ബൈസ് റോഡിന് സര്‍ക്കാര്‍ തലത്തിലോ ത്രിതല പഞ്ചായത്ത് തലത്തിലോ ഇതുവരെ അംഗീകാരം പോലുമായിട്ടില്ലെന്നും അതിന് മുമ്പ് മണ്ണുമാന്തിയന്ത്രങ്ങള്‍ കൊണ്ടുവന്ന് എംഎല്‍എ തന്നെ സ്ഥലം കയ്യേറാൻ ശ്രമിക്കുന്നതിന് പിന്നില്‍ ബിനാമി ഭൂമി ഇടപടുകളാണെന്നും ഗീതാകുമാരി പരാതിപ്പെട്ടു.

എന്നാല്‍. ആരോപണം പി വി അൻവര്‍ നിഷേധിച്ചു. എടക്കരയിലെ ഗതാഗതക്കുരുക്കിന് പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നാണ് എംഎല്‍എയുടെ വിശദീകരണം. ഭൂമികയ്യേറാൻ ശ്രമിക്കുന്നത് തടയണമെന്നാവശ്യപെട്ട് ഗീതാകുമാരി കോടതിയേയും സമീപിച്ചിട്ടുണ്ട്.