സംസ്കരിക്കാൻ ഒരു തുണ്ട് ഭൂമിയില്ല. പഞ്ചായത്തിൽ പൊതുശ്മശാനമില്ല. ഇനിയെന്ത് എന്നാലോചിച്ച് നാട്ടുകാർ നട്ടംതിരിയുമ്പോഴാണ് മിനി മുന്നോട്ട് വരുന്നത്. വീട് വെയ്ക്കാൻ വാങ്ങിയ ഭൂമിയിൽ അന്ത്യവിശ്രമത്തിന് സ്ഥലം നല്‍കാമെന്ന് സമ്മതിച്ചു.
കൊല്ലം: സംസ്കരിക്കാൻ ഒരു തുണ്ട് ഭൂമിയില്ലാതെ മരിച്ച ഇതര മതസ്ഥനായ അയല്‍വാസിക്ക് അന്ത്യവിശ്രമത്തിന് സ്ഥലം വിട്ടു കൊടുത്ത് ഒരു വീട്ടമ്മ. മനുഷ്യത്വത്തിന്‍റെ നല്ല മാതൃകയെക്കുറിച്ച് ഈ വാർത്ത കൊല്ലത്തു നിന്നാണ്. പത്തനാപുരം മുന്‍ പഞ്ചായത്ത് അംഗം എം വി മിനിയാണ് ആ വലിയ മനസ്സിന്‍റെ ഉടമ.
പൂങ്കുളഞ്ഞി സ്വദേശിനിയായ മിനിയുടെ അയല്‍വാസിയാണ് ചരുവിള പുത്തന്‍വീട്ടിൽ വര്‍ഗീസ്. എണ്‍പതുകാരനായ വര്‍ഗീസ് മരിച്ചത് കഴിഞ്ഞ ദിവസം രാത്രിയാണ്. രോഗിയായ ഭാര്യക്കൊപ്പം വാടക വീട്ടിലാണ് താമസം. സംസ്കരിക്കാൻ ഒരു തുണ്ട് ഭൂമിയില്ല. പഞ്ചായത്തിൽ പൊതുശ്മശാനമില്ല. വര്‍ഗീസിന്‍റെ ബന്ധുക്കളും കൈയൊഴിഞ്ഞു. ഇതര മതക്കാരിയെ വിവാഹം ചെയ്തതിനാൽ പള്ളിക്കാരും കയ്യൊഴിഞ്ഞു. ഇനിയെന്ത് എന്നാലോചിച്ച് നാട്ടുകാർ നട്ടംതിരിയുമ്പോഴാണ് മിനി മുന്നോട്ട് വരുന്നത്. പൂങ്കുളഞ്ഞിയിൽ വീട് വെയ്ക്കാൻ വാങ്ങിയ ഭൂമിയിൽ അന്ത്യവിശ്രമത്തിന് സ്ഥലം നല്‍കാമെന്ന് സമ്മതിച്ചു.
കുറച്ചുനാൾ മുൻപ്, സംസ്കരിക്കാൻ സ്ഥലം ഇല്ലാത്തതിനാൽ അടുക്കളയിൽ മൃതദേഹം സംസ്കരിക്കേണ്ടി വന്ന അനുഭവവും ഈ നാടിനുണ്ട്. പൊതുശ്മശാനത്തിനായി 15 വര്‍ഷം മുൻപ് പഞ്ചായത്ത് സ്ഥലം വാങ്ങിയതാണ്. പക്ഷെ ശ്മശാനം ഇന്നും ഫയലിൽ അന്തിയുറങ്ങുന്നു എന്ന് മാത്രം.

