Asianet News MalayalamAsianet News Malayalam

കൊവിഡ് കാലത്ത് സ്വപ്നയും സന്ദീപും കേരളം വിട്ടതെങ്ങനെ ? സർക്കാരിനെതിരെ ആരോപണം കടുപ്പിച്ച് പ്രതിപക്ഷം

രണ്ട് ദിവസം മുമ്പ് ഇവർ ബെംഗളുരുവിലെത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്ത് നിന്നാണ് മുങ്ങിയതെങ്കിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആണ്. എല്ലായിടത്തും പൊലീസിൻറെ കർശനപരിശോധനയാണുള്ളത്. 

how swapna and sandeep nair escaped from kerala
Author
Thiruvananthapuram, First Published Jul 12, 2020, 2:51 PM IST

തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾ മറികടന്ന് സ്വപ്നാ സുരേഷും സന്ദീപ് നായരും കേരളത്തിൽ നിന്നും ബെംഗളൂരുവിലേക്ക് കടന്നതിനെ ചൊല്ലി രാഷ്ട്രീയവിവാദം മുറുകി. സർക്കാരിൻറെയും പൊലീസിൻറെയും ഒത്താശയോടെയാണ് മുങ്ങിയതെന്നാണ് പ്രതിപക്ഷത്തിൻറെ ആക്ഷേപം. ആർക്കും വീഴ്ചയുണ്ടായില്ലെന്നായിരുന്നു മന്ത്രി ഇപി ജയരാജൻറെ പ്രതികരണം.

സ്വപ്നയും സന്ദീപും ബെംഗളൂരുവിൽ ഇന്നലെ രാത്രി പിടിയിലായത് മുതൽ എങ്ങനെ ഇവർ കേരളം കടന്നു എന്ന ചർച്ച രാഷ്ട്രീയകേന്ദ്രങ്ങളിൽ തുടങ്ങിയിരുന്നു. രണ്ട് ദിവസം മുമ്പ് ഇവർ ബെംഗളൂരുവിലെത്തിയെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. തിരുവനന്തപുരത്ത് നിന്നാണ് മുങ്ങിയതെങ്കിൽ കഴിഞ്ഞ തിങ്കളാഴ്ച മുതൽ നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ ആണ്. എല്ലായിടത്തും പൊലീസിൻറെ കർശനപരിശോധനയാണുള്ളത്. 

സ്വർണ്ണം പിടിച്ചത് മുതൽ സ്വപ്നയുടേയും സന്ദീപിൻറെയും ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. മറ്റ് നഗരങ്ങൾ വഴിയാണെങ്കിലും എങ്ങനെ എല്ലാവരുടേയും കണ്ണ് വെട്ടിച്ചു എന്നതാണ് ചോദ്യം. കേരളത്തിൽ നിന്നും പുറത്തേക്ക് പോകാൻ നിലവിൽ പാസ് ആവശ്യമില്ല. പക്ഷെ കർണ്ണാടകത്തിലേക്ക് കടക്കാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സ്വപ്നക്കുണ്ടായിരുന്ന ഉന്നതബന്ധങ്ങൾ മുങ്ങാനും സഹായിച്ചിട്ടുണ്ടാകാമെന്നാണ് സംശയം

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികൾ എങ്ങനെ കേരളം വിട്ടെന്ന കാര്യത്തിൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്വപ്ന എങ്ങനെയാണ് ലോക്ക്ഡൗൺ കാലത്ത് ബെംഗളൂരുവിൽ എത്തിയതെന്നും ഇക്കാര്യം  സർക്കാർ പരിശോധിക്കുമോയെന്നും ചെന്നിത്തല ചോദിച്ചു.വിഷയത്തിൽ എന്ത് കൊണ്ട് കേസ് എടുത്തില്ലെന്നും അദ്ദേഹം ചോദിച്ചു. 

സ്വപ്ന സുരേഷും സന്ദീപ് നായരും എങ്ങനെ കേരളം വിട്ടു എന്നതിനെക്കുറിച്ച് പിണറായി വിജയം ഉത്തരം പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിപിഎമ്മിന് സ്വാധീനമുള്ള സ്ഥലത്താണ് ഇരുവരും  കർണാടകയിൽ താമസിച്ചത്. മുഖ്യമന്ത്രിയുടെ മകളുടെ സ്ഥാപനത്തിന് അടുത്തായാണ് ഇവരുടെ ഒളിയിടമെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. 

അതേസമയം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിൻറെ  ഫ്ലാറ്റ് കേന്ദ്രീകരിച്ച് ഗൂഡാലോചന നടന്നുവെന്ന കസ്റ്റംസ് നിഗമനങ്ങൾക്കുള്ളത് വലിയ രാഷ്ട്രീയപ്രാധാന്യമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിനും എല്ലാറ്റിലും പങ്കുണ്ടെന്ന ആക്ഷേപം ബലപ്പെടുത്തുകയാണ് പ്രതിപക്ഷം. ശിവശങ്കറിൻറെ ഇടപാടുകളുടെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്ന അഭിപ്രായം സിപിഐക്കും സിപിഎമ്മിലെ ഒരു വിഭാഗത്തിനുമുണ്ട്. എൻഐഎ അന്വേഷണം അതിൻറെ വഴിക്ക് നടക്കട്ടെ എന്ന് പറയുമ്പോഴും ഇനിയും വരാനുള്ള വിവരങ്ങളിൽ സർക്കാറിന് ആശങ്കയുണ്ട്.

Follow Us:
Download App:
  • android
  • ios