മകളെ കാണാതായ വിവരമറിഞ്ഞപ്പോള്‍ ദിശയുടെ കുടുംബം ആദ്യമെത്തിയത് അടുത്തുള്ള പൊലീസ് സ്റ്റേഷനിലാണ്. എന്നാല്‍ ഇവിടെ വച്ച് പെണ്‍കുട്ടിയുടെ അമ്മയോട് അടക്കം പൊലീസ് മോശമായാണ് പെരുമാറിയതെന്ന് സുഹൃത്തുകള്‍ പറയുന്നു. 


ഹൈദരാബാദ്: ഏറ്റുമുട്ടൽ കൊലയിൽ കൈയടി നേടുമ്പോഴും ദിശ കേസിന്‍റെ തുടക്കത്തിൽ സൈബറാബാദ് പൊലീസിനുണ്ടായത് ഗുരുതര വീഴ്ച. ദിശയുടെ കുടുംബത്തെ പല സ്റ്റേഷനുകളിലേക്ക് ഓടിച്ച് സമയം കളഞ്ഞതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് തെറ്റായ നിഗമനത്തിലെത്തിയതും തിരിച്ചടിയായെന്ന് ദിശയുടെ സഹോദരി പറയുന്നു. അക്രമം നടന്ന സ്ഥലത്തെത്താൻ പത്ത് മിനിറ്റ് മാത്രം വേണ്ടിയിരുന്ന പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്യാൻ എടുത്തത് നാല് മണിക്കൂറാണ്. 

ദിശ കൊല്ലപ്പെട്ട നവംബർ 26 രാത്രി. യുവതിയെ കാണാതായെന്ന കുടുംബത്തിന്‍റെ പരാതി ഷംഷാബാദ് പൊലീസ് സ്റ്റേഷനിൽ കിട്ടിയ സമയം പുലര്‍ച്ചെ 3.10 ആണ്. സൈബരാബാദ് പൊലീസ് നൽകുന്ന വിവരമനുസരിച്ച്. ദിശ അവസാനമായി സഹോദരിയോട് സംസാരിച്ചത് രാത്രി 9.22ന്. വീണ്ടും സഹോദരി ദിശയെ വിളിച്ചുനോക്കിയത് 9.44ന്. ഈ സമയം ഫോൺ ഓഫായിരുന്നു. 

ദിശയെ കാണാതായ ഉടന്‍ കുടുംബം പരാതിയുമായി എത്തിയത് വീട്ടില്‍ നിന്നും പത്ത് മിനിറ്റ് മാത്രം ദൂരമുള്ള എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലേക്കാണ്. എന്നാല്‍ പരാതി പരിഗണിക്കാന്‍ പൊലീസ് തയ്യാറായില്ല. തങ്ങളുടെ സ്റ്റേഷന്‍ പരിധിയില്‍ അല്ല സംഭവം എന്നായിരുന്നു അവരുടെ നിലപാട്. ഇവിടെയുള്ള പൊലീസുകാര്‍ ദിശയുടെ അമ്മയോട് പെരുമാറിയത് വളരെ മോശമായാണെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു. സ്റ്റേഷനില്‍ വച്ച് കരഞ്ഞ ദിശയുടെ അമ്മയോട് പുറത്തു പോകാന്‍ നിര്‍ബന്ധിക്കുകയാണ് പൊലീസ് ചെയ്തത്. 

പിന്നീട് ഇവിടെ നിന്ന് അഞ്ച് മിനിറ്റ് ദൂരെയുളള ഷംഷാബാദ് റൂറൽ സ്റ്റേഷനിലേക്ക് കുടുംബം പോയി.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് അതിൽ ദിശ തിരിച്ചുവരുന്നതായി കണ്ടില്ല. പെണ്‍കുട്ടി ആരുടെയെങ്കിലും കൂടെ പോയിട്ടുണ്ടാവും എന്ന തീർപ്പിലെത്തി കയ്യൊഴിഞ്ഞു പൊലീസ്. 

ഇതെല്ലാം രാത്രി പത്തരക്കുളളിലാണ്. പൊലീസ് റിപ്പോർട്ടനുസരിച്ച് ഈ സമയം പ്രതികൾ നഗരത്തിലെ പമ്പുകളിൽ യുവതിയുടെ സ്കൂട്ടറുമായി പെട്രോൾ വാങ്ങാൻ കറങ്ങുകയായിരുന്നു. അധികാര പരിധിയിലെ വാദങ്ങളില്ലാതെ പൊലീസ് സ്ഥലത്തെത്തിയിരുന്നെങ്കിൽ നടന്നത് മറ്റൊന്നായേനെ. ഏറ്റുമുട്ടൽ കൊലയ്ക്ക് ശേഷവും തുടക്കത്തിലെ പൊലീസ് വീഴ്ച തെലങ്കാനയിൽ ചർച്ചയാണ്. ഇതിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷപാർട്ടികൾ ഗവർണർക്ക് ഇന്നലെ നിവേദനം നൽകി.