എസ് കൃഷ്ണകുമാറിനെ ആറുമാസം മുമ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കി. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിന്‍റെ ഭാഗമായിട്ടാണ് കൃഷ്ണകുമാറിനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്നും ബിജു കൃഷ്ണന്‍ പറഞ്ഞു.

തിരുവനന്തപുരം: സ്വപ്ന സുരേഷിന്‍റെ (Swapna Suresh) നിയമനം റദ്ദാക്കിയിട്ടില്ലെന്ന് എച്ച്ആർഡിഎസ് പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണന്‍. സ്വപ്നയുടെ നിയമനം റദ്ദാക്കിയെന്ന മുന്‍കേന്ദ്രമന്ത്രി എസ് കൃഷ്ണകുമാറിന്‍റെ ആരോപണം വാസ്തവ വിരുദ്ധമാണ്. എല്ലാവരോടും ആലോചിച്ചാണ് നിയമനം നടത്തിയത്. എസ് കൃഷ്ണകുമാറിനെ ആറുമാസം മുമ്പ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതാണ്. നിരവധി ക്രമക്കേടുകള്‍ കണ്ടെത്തിയതിന്‍റെ ഭാഗമായിട്ടാണ് കൃഷ്ണകുമാറിനെ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതെന്നും ബിജു കൃഷ്ണന്‍ പറഞ്ഞു. ആദിവാസി ക്ഷേമത്തിനായി രജിസ്റ്റർ ചെയ്ത എച്ച്ആർഡിഎസ് എന്ന സംഘടനയുടെ ഡയറക്ടറായി ഇന്നലെയാണ് സ്വപ്ന സുരേഷ് ചുമതലയേറ്റത്.

നിയമപരമായി സംഘടനയുടെ ചെയർമാൻ താനാണെന്നും സ്വപ്നയുടെ നിയമനം ചട്ടവിരുദ്ധമാണെന്നും ആയിരുന്നു എസ് കൃഷ്ണകുമാർ ഇന്നലെ പറഞ്ഞത്. സംഘടന സെക്രട്ടറി അജികൃഷ്ണൻ ക്രമക്കേടുകൾ നടത്തിയെന്നും കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഏതന്വേഷണവും നേരിടുമെന്നും കൃഷ്ണകുമാർ ചെയർമാൻ അല്ലെന്നുമായിരുന്നു സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞത്. സംഘടനയെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് എസ് കൃഷ്ണകുമാർ നേരത്തെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല. സ്വപ്ന സുരേഷിന്‍റെ നിയമനത്തോടെ സംഘടനയിലെ തർക്കവും രൂക്ഷമാകുകയാണ്. 

അതേസമയം ബിജെപിക്ക് എച്ച്ആര്‍ഡിഎസ് സംഘടനയുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. എച്ച്ആര്‍ഡിഎസ് ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും തൊടുപുഴയിലെ ഓഫീസ് ഉദ്ഘാടനം ചെയ്തത് എം എം മണിയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

YouTube video player

  • സ്വപ്നയുടെ നിയമനം, എച്ച്ആർഡിഎസുമായി ബിജെപിക്ക് ബന്ധമില്ലെന്ന് സുരേന്ദ്രൻ

കോഴിക്കോട്: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് (Swapna Suresh) നിയമനം നൽകിയ എച്ച്ആർഡിഎസ് (HRDS) എന്ന എൻജിഒയുമായി ബിജെപിക്ക് (BJP) യാതൊരു ബന്ധവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran). സിപിഎമ്മിനാണ് സ്ഥാപനവുമായി ബന്ധമെന്ന ആരോപണമാണ് സുരേന്ദ്രൻ ഉന്നയിക്കുന്നത്. സിപിഎം നേതാവും എംഎൽഎയുമായ എംഎം മണിയാണ് സ്ഥാപനത്തിന്റെ തൊടുപുഴയിലെ ഓഫീസ് ഉത്ഘാടനം ചെയ്തതെന്നും ലോഗോ പ്രകാശനം ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സുരേന്ദ്രൻ പറഞ്ഞു. 'എസ്എഫ്ഐയുടെ ഒരു മുൻ നേതാവാണ് സ്വപ്നക്ക് ജോലി ശരിയാക്കി നൽകിയത്. സിപിഎമ്മിന്‍റെ ഉന്നതനായ നേതാവാണിപ്പോളിദ്ദേഹം'. ബിജെപിക്ക് സ്ഥാപനവുമായി ബന്ധമില്ലെന്നും ബിജെപി അധ്യക്ഷൻ വിശദീകരിക്കുന്നു. 

സ്വപ്ന സുരേഷ് ദില്ലി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയിൽ സിഎസ്ആർ ഡയറക്ടറായി കഴിഞ്ഞ ദിവസമാണ് ജോലിയിൽ പ്രവേശിച്ചത്. ബിജെപി നേതാവും കൊല്ലത്ത് നിന്നുള്ള മുൻ കോൺഗ്രസ് എംപിയുമായ എസ് കൃഷ്ണകുമാർ ചെയർമാനായ എൻജിഒയാണ് എച്ച്ആർഡിഎസ്. ബിജെപി ബന്ധമുള്ള സംഘടനയിൽ സ്വപ്നക്ക് നിയമനമെന്നത് വലിയ ചർച്ചയായ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ വിശദീകരണം.