മിനി ലോറിയില്‍ വന്‍തോതില്‍ രഹസ്യമായി കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് എക്‌സൈസ്

വയനാട്: മിനി ലോറിയില്‍ വന്‍തോതില്‍ രഹസ്യമായി കടത്തുകയായിരുന്ന പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്ത് എക്‌സൈസ്. വാഹനത്തില്‍ ചകിരി നിറച്ച് അതിനുള്ളില്‍ 105 ചാക്കുകളിലായി 42,650 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങളാണ് മലപ്പുറം അരിക്കോട് ഭാഗത്തേക്ക് കടത്തിയിരുന്നത്. എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോ ജോയന്റ് എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മുത്തങ്ങ തകരപ്പാടിയിലെ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ണാടക ഭാഗത്ത് നിന്നും വന്ന കെഎല്‍ 65 എസ് 2395 രജിസ്‌ട്രേഷന്‍ നമ്പറിലുള്ള ഐഷര്‍ ലോറി തടഞ്ഞ് പരിശോധിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ പാലക്കാട് മണ്ണാര്‍ക്കാട് പെരിഞ്ചോളം ചോലക്കാട്ട് തൊടിയില്‍ സിഎച്ച് സിദ്ധീഖ് (38) എന്നയാളെ അറസ്റ്റ് ചെയ്തു. എക്‌സൈസ് ഇന്‍റലിജന്‍സ്, മുത്തങ്ങ ചെക്ക് പോസ്റ്റ്, സുല്‍ത്താന്‍ ബത്തേരി റെയിഞ്ച് എന്നിവയിലെ ഉദ്യോഗസ്ഥര്‍ സംയുക്തമായിട്ടായിരുന്നു വാഹന പരിശോധന. ലോറിയും ഡ്രൈവറെയും തുടര്‍നടപടികള്‍ക്കായി സുല്‍ത്താന്‍ ബത്തേരി പൊലീസിന് കൈമാറി.