മലബാർ മേഖലയിൽ, പ്രത്യേകിച്ച് മലപ്പുറത്തും പാലക്കാട്ടും, പ്ലസ് വൺ സീറ്റുകളിൽ വലിയ കുറവുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി സമ്മതിച്ചു. അഡീഷണൽ ബാച്ചുകൾ ഉൾപ്പെടെയുള്ള ശാശ്വതമായ പരിഹാരം പരിഗണനയിലുണ്ടെന്നും ഡിഇഒ അടിസ്ഥാനത്തിൽ സീറ്റുകൾ ക്രമീകരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

മലപ്പുറം: മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റുകളിൽ വലിയ തോതിൽ കുറവുണ്ടെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. മലപ്പുറവും പാലക്കാടുമാണ് ഏറ്റവും കുറവ്. ആദ്യ അലോട്ട്മെന്റിൽ തന്നെ അഡീഷണൽ ബാച്ചുകൾ ഉൾപ്പെടുത്തണമെന്നാണ് സർക്കാരിന്റെ തീരുമാനം. സർക്കാരിന്റെ മുന്നിലുള്ളത് വളരെ കുറച്ച് സമയം മാത്രമാണെന്നും ചെറിയ സാവകാശം കിട്ടിയാലേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയുമായി ആലോചിച്ച് പോംവഴി കാണും. സീറ്റ് പ്രതിസന്ധിയിൽ ശാശ്വതമായ പരിഹാരം ഞങ്ങളുടെ മുന്നിലുണ്ട്. ഒരു വിദ്യാഭ്യാസ ജില്ലാപരിധിയിൽ എസ്എസ്എൽസി പാസാകുന്ന വിദ്യാർത്ഥികൾക്ക് അതേ ജില്ലയിൽ പ്ലസ് വൺ സീറ്റുകൾ ലഭിക്കണം. അതിനായി ഡിഇഒ അടിസ്ഥാനത്തിൽ സീറ്റുകൾ ക്രമീകരിക്കാൻ ശ്രമിക്കുമെന്നും മന്ത്രി വ്യക്തമാക്കി. പിഎം ശ്രീ പദ്ധതിയിൽ കഴിഞ്ഞ സർക്കാർ കരാറിൽ ഒപ്പിട്ടു. അതിന് ശേഷം നടപടി നിർത്തിവെക്കാൻ കത്തയച്ചു. 

അതിനടക്ക് കേന്ദ്രം ചില ഫണ്ടുകൾ അയക്കുകയും സംസ്ഥാനം അത് കൈപ്പറ്റുകയും ചെയ്തു. ഇനി നിയമപരമായി എന്ത് സാധിക്കും എന്ന് പരിശോധിച്ച് തീരുമാനിക്കും. മുഖ്യമന്ത്രി ദില്ലിയിൽ നിന്ന് വന്നതിന് ശേഷം അക്കാര്യത്തിൽ ചർച്ച നടത്തും. കഴിഞ്ഞ സർക്കാർ ഒപ്പിട്ട ഒരു സംഗതി എങ്ങനെ പിൻവലിക്കാൻ കഴിയും എന്നതിൽ നിയമപരമായ കാര്യങ്ങൾ പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.