ചെറുതുരുത്തി: തൃശ്ശൂര്‍ ചെറുതുരുത്തി പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്ല്യം ഇല്ലാതാക്കാനുള്ള ഉത്തരവ് തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എസ്‍എസ്‍എൽസി പരീക്ഷ എഴുതുകയായിരുന്ന വിദ്യാർത്ഥിയെ തെരുവ് നായ കടിച്ച പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍റെ ഇടപെടല്‍.  തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്ക് ഇതുസംബന്ധിച്ച്  കമ്മീഷന്‍ അംഗം പി മോഹനദാസ് നിര്‍ദ്ദേശം നല്‍കി. നടപടി സ്വീകരിച്ച ശേഷം കളക്ടർ റിപ്പോർട്ട് സമർപ്പിക്കണം. 

തൃശൂർ വിദ്യാഭ്യാസ ഉപ ഡയറക്ടർ സംഭവത്തെ കുറിച്ച് അന്വേഷിച്ച് 30 ദിവസത്തിനകം കമ്മീഷന് റിപ്പോർട്ട് നൽകണം. സ്കൂൾ പരിസരം തെരുവ് നായകളുടെ വിഹാരകേന്ദ്രമാക്കി മാറ്റിയതിന് സ്‍കൂള്‍ അധികൃതർ ഉത്തരവാദികളാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. റിപ്പോർട്ടുകൾ ലഭിച്ച ശേഷം കേസ് തൃശൂരിൽ നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. ചെറുതുരുത്തിയില്‍ എസ്എസ്എല്‍സി പരീക്ഷ നടക്കുന്നതിനിടെ ഇന്നലെയാണ് വിദ്യാർത്ഥിക്ക് തെരുവുനായയുടെ കടിയേറ്റത്. ചെറുതുരുത്തി കുളമ്പുമുക്ക് സ്വദേശിയായ ഹംസയ്ക്കാണ് കയ്യില്‍ കടിയേറ്റത്. 

ചെറുതുരുത്തി സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം നടന്നത്. പരീക്ഷ തുടങ്ങി അല്‍പ്പസമയം കഴിഞ്ഞപ്പോഴാണ് തെരുവുനായ വാതിലൂടെ പരീക്ഷാഹാളിനകത്തേക്ക് കയറിയത്. വാതിലിനോട് ചേര്‍ന്നാണ് ഹംസ ഇരുന്നിരുന്നത്. കൈക്ക് കടിയേറ്റ ഹംസയെ ഉടൻ തന്നെ സമീപത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തച്ച് ചികിത്സ നല്‍കിയ  ശേഷം പരീക്ഷാ ഹാളിലെത്തിച്ചിരുന്നു.