തിരുവനന്തപുരം: തിരുവനന്തപുരം  ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്തയാളെ സ്റ്റേഷനിലുള്ള ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ജില്ലാ പൊലീസ് മേധാവിക്കാണ് (സിറ്റി) കമ്മീഷൻ നിർദ്ദേശം നൽകിയത്. മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്  സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കേസ് സെപ്റ്റംബറിലെ സിറ്റിംഗിൽ  പരിഗണിക്കും. ഞായറാഴ്ച വൈകിട്ട് ഫോർട്ട് പൊലീസ് കസ്റ്റഡിയിൽ എടുത്ത പൂന്തുറ സ്വദേശി അൻസാരിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയത്.  

വൈകീട്ട് 5.30-ഓടെയാണ് അൻസാരിയെ കസ്റ്റഡിയിൽ എടുത്തത്. മൊബൈൽ മോഷണത്തിന് ഇയാളെ നാട്ടുകാർ പിടിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊവിഡ് ജാഗ്രതയുടെ ഭാഗമായി സ്റ്റേഷനോട് ചേർന്നുള്ള ശിശു സൗഹൃദ ജനമൈത്രി കേന്ദ്രത്തിലാണ് ഇയാളെ എത്തിച്ചത്. കരിമഠം കോളനിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത മറ്റ് രണ്ട് പേരും ഇയാൾക്കൊപ്പം ഇവിടെ ഉണ്ടായിരുന്നു. 

സ്റ്റേഷനിൽ നിർത്തിയ അൻസാരിയുടെ ചുമതല 2 ഹോം ഗാർഡുമാരെ ഏല്പിച്ചിരുന്നു. ഇവിടെ നിന്ന് ശുചിമുറിലേക്ക് എന്ന് പറഞ്ഞു പോയ അൻസാരിയെ ഏറെനേരം കഴിഞ്ഞും പുറത്തേക്ക് കണ്ടില്ല. 9.45-ഓടെ വാതിൽ തകർത്ത് അകത്ത് കയറിയപ്പോൾ ആണ് ഇയാൾ തൂങ്ങി നിൽക്കുന്നത് കണ്ടത്. ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പൾസ് ഉണ്ടായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.

അതേസമയം അൻസാരിയെ പൊലീസ് മർദ്ദിച്ചിട്ടില്ലെന്ന് സംഭവസമയത്ത് ഇവിടെ ഉണ്ടായിരുന്ന റാഫി പറയുന്നു. അയൽവാസിയുമായുണ്ടായ അതിർത്തി തർക്കത്തെ തുടർന്നാണ് റാഫി പൊലീസ് സ്റ്റേഷനിൽ എത്തിയത്. ജനമൈത്രി കേന്ദ്രത്തിലേക്ക് അൻസാരിയെ കൊണ്ടു വരുമ്പോൾ ഇയാളും മറ്റൊരാളും രണ്ട് ഹോംഗാർഡുമാരാണ് ഉണ്ടായിരുന്നത്. തന്‍റെ പക്കൽ നിന്നും ഒരു സിഗരറ്റും വാങ്ങിയാണ് അൻസാരി ശുചിമുറിയിലേക്ക് പോയതെന്നും റാഫി പറയുന്നു. 

അൻസാരിയെ കസ്റ്റഡിയിൽ എടുക്കുമ്പോഴും ദേഹത്ത് കാര്യമായ പരിക്കുകൾ ഒന്നും ഉണ്ടായിരുന്നില്ലെന്നും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു നടപടികൾ എന്നും പോലീസ് പറയുന്നു. മരണത്തിൽ ദുരൂഹത ആരോപിച്ചു പ്രദേശവാസികൾ രംഗത്തെത്തിയിട്ടുണ്ട്. പോക്സോ കേസടക്കം ആറ് കേസുകളിലെ പ്രതിയാണ് അൻസാരി. അതേസമയം, സംഭവത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.