തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണത്തില്‍ പൊലീസിന് മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം. സംഭവത്തില്‍ വീഴ്ച പരിശോധിക്കണമെന്നും നാലാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. റൂറല്‍ എസ്‍പിക്കാണ് ജസ്റ്റിസ് ആന്‍റണി ഡൊമനിക് നിര്‍ദേശം നല്‍കിയത്.  

രാജൻ ഭൂമി കയ്യേറിയെന്ന അയൽവാസിയായ വസന്തയുടെ  ഹ‍ർജിയിൽ ഈ മാസം 22ന് ഭൂമി ഒഴിയണമെന്നായിരുന്നു നെയ്യാറ്റിൻകര മുൻസിഫ് കോടതിയുടെ ഉത്തരവ്. രാജനെ ഒഴിപ്പിക്കാൻ പൊലീസും കോടതി ഉദ്യോഗസ്ഥരും എത്തിയപ്പോഴായിരുന്നു ആത്മഹത്യ ഭീഷണി. മൂന്നു സെന്‍റ് ഭൂമിയില്‍ ഷെഡ് കെട്ടിതാമസിക്കുന്ന രാജൻ ഭാര്യയുമൊത്ത് ശരീരത്തിൽ പെട്രോളൊഴിച്ച് ഭീഷണി മുഴക്കുകയായിരുന്നു. 

പൊലീസ് കൈതട്ടിമാറ്റിയതോടെ ഇവര്‍ക്ക് പൊള്ളലേറ്റു. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രാജനും ഭാര്യ അമ്പിളിയും ഇന്നലെയാണ് മരിച്ചത്. രാജന്‍റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന അമ്പിളിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും