Asianet News MalayalamAsianet News Malayalam

ജപ്തി ഭീഷണിയിൽ അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

ബാങ്ക് അധികൃതരുടെ നിരന്തര ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം

Human rights Commission registered a Case in the death of a lawyer in Wayanad
Author
First Published May 13, 2022, 7:25 PM IST

പുൽപ്പള്ളി: ജപ്തി ഭീഷണിയിൽ മനംനൊന്ത് വയനാട് പുൽപ്പള്ളിയിൽ അഭിഭാഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി മേയ് 27 ന് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ  നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ റിപ്പോർട്ട്  സമർപ്പിക്കണം. സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപ്പള്ളി ശാഖാ മാനേജരും അന്ന്  തന്നെ വിശദീകരണം എഴുതി സമർപ്പിക്കണം.

കട ബാധ്യത മൂലം വയനാട് പുൽപ്പള്ളിയിൽ അഭിഭാഷകൻ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ബാങ്ക് അധികൃതരുടെ നിരന്തര ഭീഷണിയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് നാട്ടുകാരുടെ ആരോപണം. വീടുവയ്ക്കാനെടുത്ത വായ്പ തിരിച്ചടയ്ക്കാൻ മരിച്ച ടോമിയ്ക്ക് മേൽ സമ്മർദം  ചെലുത്തിയിട്ടില്ലെന്നാണ് സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ വിശദീകരണം.

മുൻ അസി. പബ്ലിക് പ്രോസിക്യൂട്ടർ ഇരുളം മുണ്ടാട്ട് ചുണ്ടയിൽ ടോമിയെയാണ് ഇന്നലെ വീട്ടിനുളളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പുൽപ്പള്ളി സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്ന് 10 വർഷം മുന്പ് 12 ലക്ഷത്തോളം രൂപ ടോമി വായ്പ എടുത്തിരുന്നു. ലോൺ അടവ് മുടങ്ങിയതിനാൽ വീടും പുരയിടവും ജപ്തി ചെയ്യാൻ കോടതി ഉത്തരവ് പ്രകാരം ബാങ്ക് ഉദ്യോഗസ്ഥർ വീട്ടിൽ എത്തിയിരുന്നു. തുടർന്ന് നാട്ടുകാർ ഇടപെട്ട് 4 ലക്ഷം രൂപ അടച്ചു. ബാക്കി തുക 10 ദിവസത്തിനകം അടക്കാമെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ  മടങ്ങി പോയത്. ഇതിനിടെയാണ് ടോമി വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ചത്. ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ അപമാനമാണ് ടോമിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെതെന്നാണ് ആരോപണം.

എന്നാൽ ആരോപണങ്ങൾ പൂർണമായി തള്ളുകയാണ് ബാങ്ക് അധികൃതർ. വായ്പ തിരിച്ചടയ്ക്കാൻ ടോമിയ്ക്ക് കൂടുതൽ സമയം അനുവദിച്ചിരുന്നു. പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ആറു വര്‍ഷമായി ബാങ്ക് ശ്രമിച്ചു വരികയായിരുന്നു. നിയമപരമായി നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും സൗത്ത് ഇന്ത്യൻ ബാങ്ക് അറിയിച്ചു. ഇതിനിടെ വിവിധ സംഘടനകൾ പുൽപ്പള്ളിയിലെ സൗത്ത് ഇന്ത്യൻ ബാങ്കിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

Follow Us:
Download App:
  • android
  • ios