ബാഹ്യ ഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്നും സതീശൻ
തിരുവനന്തപുരം: ആഭിചാരക്രിയയുടെ പേരില്‍ രണ്ട് സ്ത്രീകളെ പൈശാചികമായി കൊലപ്പെടുത്തിയെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കൊലയാളികളില്‍ ഒരാള്‍ പുരോഗമന നിലപാട് അവകാശപ്പെടുന്നൊരു രാഷ്ട്രീയ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു എന്നത് ഗൗരവതരമാണ്. അതുകൊണ്ട് തന്നെ ബാഹ്യ ഇടപെടലുകളുണ്ടാകാതെ സത്യസന്ധവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
കൊച്ചിയിൽ 'നരബലി'! രണ്ട് സ്ത്രീകളുടെ തലയറുത്തു, കഷണങ്ങളാക്കി ബലി നൽകി, ദമ്പതികളും ഏജന്റും അറസ്റ്റിൽ
ദുര്‍മന്ത്രവാദവും അതുമായി ബന്ധപ്പെട്ട നരബലിയും നടന്നെന്ന വാര്‍ത്ത ഉത്തരേന്ത്യയില്‍ നിന്നല്ല, നവോത്ഥാനത്തിന്റെ നെറുകയില്‍ നില്‍ക്കുന്നെന്ന് നാം ഓരോരുത്തരും ഊറ്റം കൊള്ളുന്ന നമ്മുടെ കേരളത്തില്‍ നിന്നു തന്നെയാണ്. കേട്ടുകേള്‍വി മാത്രമായ കുറ്റകൃത്യങ്ങള്‍ നമ്മുടെ കണ്‍മുന്നിലും സംഭവിക്കുകയാണ്. പരിഷ്‌കൃത സമൂഹമെന്ന് അഭിമാനിക്കുന്ന നമ്മള്‍ ഓരോരുത്തരും അപമാനഭാരത്താല്‍ തലകുനിയ്‌ക്കേണ്ട സംഭവങ്ങളാണ് പുറത്തു വരുന്നതെന്നും സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
ആദ്യം കൊല്ലപ്പെട്ട സ്ത്രീയെ ജൂണ്‍ ആറ് മുതല്‍ കാണാനില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഓഗസ്റ്റ് 17ന് കാലടി പൊലീസില്‍ പരാതിയെത്തി. എന്നാൽ കാര്യമായ അന്വേഷണം നടന്നില്ല. സെപ്തംബര്‍ 26ന് കടവന്ത്ര പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടാമത്തെ സ്ത്രീയുടെ മിസ്സിംഗ് കേസിനെ തുടര്‍ന്നാണ് കാര്യമായ അന്വേഷണമുണ്ടായത്. ആദ്യ പരാതിയില്‍ തന്നെ ഗൗരവകരമായ അന്വേഷണം നടന്നിരുന്നുവെങ്കില്‍ മറ്റൊരു ജീവന്‍ രക്ഷിക്കാമായിരുന്നു. ആഭിചാരത്തിന്റെ പേരില്‍ കൂടുതല്‍ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ വിശദമായ പൊലീസ് അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നരബലി: ഇലന്തൂരിലേത് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം, കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി; മുഖ്യമന്ത്രി

