മറ്റെന്തോ കാരണം പറഞ്ഞ് വിശ്വസിപ്പിച്ചാണ് മുഹമ്മദ് ഷാഫിയെന്ന പെരുമ്പാവൂർ സ്വദേശി, തിരുവല്ലയിൽ വൈദ്യൻ ഭഗവൽ സിംഗിന്റെയും ഭാര്യ ലൈലയുടെയും അടുത്തേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്
കൊച്ചി: കൊച്ചിയിൽ നിന്നും രണ്ട് സ്ത്രീകളെ തിരുവല്ലയിലെത്തിച്ച് നരബലി നൽകിയ സംഭവത്തിൽ അന്വേഷണ നടപടികൾ തുടരുന്നതിനിടെ കൊല്ലപ്പെട്ട രണ്ട് സ്ത്രീകളും ലോട്ടറി തൊഴിലാളികളായിരുന്നെന്ന് മനസിലായി. ഇവരിൽ ഒരാൾ തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശിയും മറ്റൊരാൾ തമിഴ്നാട് സ്വദേശിയുമാണ്. റോസ്‌ലി, പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. റോസ്‌ലിക്ക് 49 ഉം പത്മയ്ക്ക് 52ഉം വയസായിരുന്നു പ്രായം. ഇവരെ മറ്റെന്തോ കാരണം പറഞ്ഞ് വിശ്വസിപ്പിച്ചാണ് മുഹമ്മദ് ഷാഫിയെന്ന പെരുമ്പാവൂർ സ്വദേശി, തിരുവല്ലയിൽ വൈദ്യൻ ഭഗവൽ സിംഗിന്റെയും ഭാര്യ ലൈലയുടെയും അടുത്തേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ റോസ്‌ലിൻ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. മകൾ അവസാനം ബന്ധപ്പെടുമ്പോൾ ഇവർ മറ്റൂരിൽ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് ഇവരെ കാണാതായാണ് മകൾ പരാതി നൽകിയത്. എന്നാൽ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാൽ റോസ്‌ലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് കേസന്വേഷണം വഴിമുട്ടിയ അവസ്ഥയിലായിരുന്നു. അമ്മ ഏതെങ്കിലും സ്ഥലത്ത് ഇപ്പോൾ കഴിയുന്നുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു മകൾ.
കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിൽ എളംകുളത്തായിരുന്നു 52 കാരിയായ പത്മ താമസിച്ചിരുന്നത്. സെപ്തംബർ 26 ന് ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന എളംകുളം പള്ളിക്ക് സമീപമുള്ള വീട്ടിൽ നിന്ന് ലോട്ടറി വിൽക്കാനായി പുറത്തേക്ക് പോയതായിരുന്നു ഇവർ. പിന്നീട് തിരിച്ച് വന്നില്ല. തുടർന്ന് പത്മയുടെ സഹോദരി പളനിയമ്മയാണ് പൊലീസിൽ വിവരമറിയിച്ചത്. തമിഴ്നാട്ടിലെ ധർമ്മപുരി ജില്ലയിലെ പെണ്ണഗ്രാമത്തിനടുത്ത് ഏറപ്പെട്ടി സ്വദേശികളായിരുന്നു ഇവർ. പത്മയെ വിളിച്ച് കിട്ടാതായതോടെ പളനിയമ്മ കടവന്ത്ര പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകുകയായിരുന്നു. ഈ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തുള്ള അന്വേഷണത്തിന് ഒടുവിലാണ് പത്മയും റോസ്‌ലിയും സമാനമായ നിലയിൽ കൊല്ലപ്പെട്ടതായി വ്യക്തമായത്.

