അര നൂറ്റാണ്ട് മുമ്പേ പത്തു മീറ്റർ വീതിയിൽ നിർമ്മിച്ച റോഡിന്‍റെ വികസനം കാലങ്ങളായുഉള നാട്ടുകാരുടെ ആവശ്യമാണ്

അടിമാലി: റോഡ് വികസനം യാഥാർത്ഥ്യമാക്കാത്തതിൽ പ്രതിഷേധിച്ച് ഇത്തവണ ലോക് സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തിലാണ് അടിമാലി കമ്പിലൈൻ ഭാഗത്തെ നൂറോളം കുടുംബങ്ങൾ. മാറി മാറി വരുന്ന ജനപ്രതിനിധികൾ കാലങ്ങളായി തങ്ങളെ വാഗ്ദാനം നൽകി വഞ്ചിക്കുന്നെന്നാണ് നാട്ടുകാർ പരാതിപ്പെടുന്നത്.

കമ്പിലൈൻ ഒഴുവത്തടം ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡിന്‍റെ ശോച്യാവസ്ഥയാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് കാരണം. അര നൂറ്റാണ്ട് മുമ്പേ പത്തു മീറ്റർ വീതിയിൽ നിർമ്മിച്ച റോഡിന്‍റെ വികസനം കാലങ്ങളായുഉള നാട്ടുകാരുടെ ആവശ്യമാണ്. 

ത്രിതല പഞ്ചായത്ത്, എം എൽ എ, എം പിയടക്കമുള്ള ജനപ്രതിനിധികൾ കാലങ്ങളായ് തങ്ങളെ പറഞ്ഞു പറ്റിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു. ഇതാണ് വോട്ട് ബഹിഷ്കരണത്തിനുളള കാരണവും. നൂറോളം കുടുംബങ്ങളിലായി നാനൂറിലധികം വോട്ടുകളാണ് പ്രദേശത്തുളളത്. ഇത്രയും പേർ വോട്ട് ചെയ്യില്ലെന്ന തീരുമാനമെടുത്താലെങ്കിലും ബന്ധപ്പെട്ടവർ കണ്ണു തുറക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.