Asianet News MalayalamAsianet News Malayalam

പൊതിച്ചോറിലെ കറികൾക്കിടയിൽ പ്ലാസ്റ്റിക് കൊണ്ട് ഭദ്രമായി പൊതിഞ്ഞ് കോടി രൂപയുടെ മൂല്യമുള്ള 100 രൂപ!

ചോറിലും കറികളിലും പറ്റിപ്പിടിക്കാതെ പ്ലാസ്റ്റിക് കവറില്‍ ഭദ്രമായിട്ടായിരുന്നു രൂപ വച്ചിരുന്നത്.

hundred rupees note found inside food packets in kerala
Author
Chellanam, First Published Aug 10, 2020, 6:15 PM IST

കൊവിഡ് മഹാമാരിക്കൊപ്പം കടലും പേമാരിയും കലിതുള്ളിയതോടെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്‍റെയും വക്കിലാണ് ചെല്ലാനത്തുകാര്‍. മുന്നോട്ട് പോകാന്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന ചെല്ലാനത്തുകാരുടെ മുന്നിലേക്ക് എത്തിയ പൊതിച്ചോര്‍ സ്നേഹത്തിന്‍റെ സ്വാദ് നിറഞ്ഞതായിരുന്നു.

കഴിഞ്ഞ ദിവസമായിരുന്നു കണ്ണമ്മാലി ഇന്‍സ്പെക്ടര്‍ പിഎസ് ഷിജുവിന്‍റെ നിർദ്ദേശപ്രകാരം കുമ്പളങ്ങിയിലും പരിസര പ്രദേശങ്ങളിലും നിന്ന് ഭക്ഷണ പൊതികൾ എത്തിച്ചത്. ഓരോ വീടുകളില്‍ നിന്നും അഞ്ചും പത്തും പൊതികളായിരുന്നു ശേഖരിച്ചിരുന്നത്. പ്രദേശവാസികൾക്ക് നൽകാനായി കണ്ണമാലി സ്റ്റേഷനിൽ പൊതികൾ എത്തിച്ചു.  ഇതിൽ എന്തൊക്കെ വിഭവങ്ങള്‍ ഉണ്ടെന്നറിയാന്‍ അനില്‍ ആന്റണി എന്ന പൊലീസുകാരന്‍ പൊതി തുറന്നപ്പോഴാണ് കാരുണ്യത്തിന്‍റെ കൈനീട്ടം പോലെ നൂറ് രൂപ നോട്ട് കണ്ടത്.

ചോറിലും കറികളിലും പറ്റിപ്പിടിക്കാതെ പ്ലാസ്റ്റിക് കവറില്‍ ഭദ്രമായിട്ടായിരുന്നു രൂപ വച്ചിരുന്നത്. ഇന്‍സ്പെക്ടര്‍ ഷിജു ഫേസ്ബുക്കില്‍ 'കോടി രൂപ മൂല്യമുള്ള 100 രൂപ നോട്ട്' എന്ന് കുറിച്ചതോടെ സംഭവം പുറംലോകം അറിയുകയായിരുന്നു ഒരു പഴം നൽകിയാൽപോലും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റിടുന്ന കാലത്ത് വാങ്ങുന്നവന്റെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കാതെ പൊതിച്ചോറിൽ 100 രൂപ കരുതിയ മനസ്സിന് മുന്നിൽ നമിക്കുന്നു എന്നായിരുന്നു കുറിപ്പ്.

ചെറുതെന്ന് കരുതി അജ്ഞാതൻ ചെയ്ത ആ വലിയ നൻമ മനസ് നിറച്ചെന്ന് പൊലീസുകാരും സന്നദ്ധപ്രവർത്തകരും പറയുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകളും വാർത്തകളും പുറത്തുവന്നതിന് പിന്നാലെ ആ പുണ്യപ്രവർത്തി ചെയ്ത അജ്ഞാതനെ അഭിനന്ദിക്കുകയാണ് മലയാളികൾ. 

Follow Us:
Download App:
  • android
  • ios