ഷെമീറയുടെയും കുഞ്ഞിന്റെയും മരണത്തിന് പിന്നാലെ ഷിഹാബുദീൻ ഒളിവിലായിരുന്നു. ബീമാപള്ളിയിലെ  കേന്ദ്രത്തിലായിരുന്നു  ചികിത്സ.

തിരുവനന്തപുരം: കാരക്കാമണ്ഡപത്ത് പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യുപങ്ചർ ചികിത്സകനായ ഷിഹാബുദീനെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. മരിച്ച ഷെമീറയുടെ ആരോഗ്യസ്ഥിതി മോശമായിട്ടും ഇയാളുടെ ഉപദേശപ്രകാരം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഭർത്താവ് നയാസ് വിസമ്മതിച്ചതായിരുന്നു മരണകാരണം. പോലീസ് സ്റ്റേഷനിൽ വെച്ച് ഷിഹാബുദീനെ നയാസ് കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. 

കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത ഷിഹാബുദീനെ നേമം സ്റ്റേഷനിലേക്ക് കൊണ്ട് വന്നപ്പോഴായിരുന്നു നയാസ് ആക്രോശിച്ച് പാഞ്ഞടുത്തത്. ഷിഹാബുദീനും നയാസും പരിചയക്കാരായിരുന്നു. നേരത്ത അറസ്റ്റിലായ നയാസിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സ്റ്റേഷനിലെത്തിച്ചിരുന്നു. എന്നാൽ ഷെമീറയുടെയും കുഞ്ഞിന്റെയും മരണത്തിന് പിന്നാലെ ഷിഹാബുദീൻ ഒളിവിലായിരുന്നു. ബീമാപള്ളിയിലെ ഷിഹാബുദീന്റെ ചികിത്സാ കേന്ദ്രത്തിലായിരുന്നു ഷെമീറയെ ചികിത്സിച്ചിരുന്നത്. 

ഗർഭിണിയായ ശേഷം ഷെമീറക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. നേരത്തെ മൂന്ന് തവണ സിസേറിയൻ ശസ്ത്രക്രിയക്ക് വിധേയായ ഷെമീറയെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷിഹാബുദീന്റെ ഉപദേശ പ്രകാരം നയാസ് പ്രസവം വീട്ടിൽതന്നെ മതിഎന്ന് തീരുമാനിക്കുകയായിരുന്നു. വീട്ടിലെ പ്രസവത്തിനിടെയായിരുന്നു മരണം. നയാസിന് പിന്നാലെ ഷിഹാബുദീനുമെതിരെ നരഹത്യക്കാണ് കേസെടുത്തത്. 

നയാസിന്റെ ആദ്യഭാര്യയുടെ മകളും അക്യുപങ്ചർ ചികിത്സാ രീതി പഠിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. പ്രസവസമയത്ത് നയാസിന്റെ ആദ്യഭാര്യയും മകളും വീട്ടിലുണ്ടായിരുന്നു. മരണത്തിൽ ഇവരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഷിഹാബുദീൻ ചികിത്സാതട്ടിപ്പ് നടത്തിയെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. വെഞ്ഞാറമൂടുള്ള സ്ഥാപനത്തിൽ നിന്നും ഷിഹാബുദ്ദീൻ നൽകിയ മരുന്ന് കഴിച്ച പ്രമേഹ രോഗികൾക്ക് രോഗം മൂർച്ഛിച്ചവെന്ന പരാതിയും ഉയർന്നു. പല പരാതികൾ ലഭിച്ചിട്ടും പൊലീസും ആരോഗ്യവകുപ്പും ഇതുവരെ ഇയാൾക്കെതിരെ നടപടി എടുത്തിരുന്നില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...