യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ അവിടെ നിന്ന് മാറാൻ ശ്രമിക്കുകയായിരുന്നു സൗമ്യ. സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകാൻ ആൾ വന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്.

തൊടുപുഴ: ഇസ്രായേലിൽ ഷെല്ലാക്രമണം നടന്ന സമയത്തു താൻ സൗമ്യയുമായി വീഡിയോ കാൾ ചെയ്തു കൊണ്ടിരിക്കുകയായിരുന്നെന്ന് ഭർത്താവ് സന്തോഷ്‌. യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ അവിടെ നിന്ന് മാറാൻ ശ്രമിക്കുകയായിരുന്നു സൗമ്യ. സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകാൻ ആൾ വന്നുകൊണ്ടിരിക്കെയാണ് അപകടം ഉണ്ടായത്. മൃതദേഹം നാട്ടിൽ എത്തിക്കാൻ ഉള്ള ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയാണെന്നും സന്തോഷ്‌ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.

ഇസ്രായേലിലെ അഷ്ക ലോണിൽ കഴിഞ്ഞ പത്തുവർഷമായി കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ അഷ്ക ലോണിൽ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിച്ചാണ് ദുരന്തമുണ്ടായത്. മൃതദേഹം അഷ്ക്കലോണിലെ ബർസിലായി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. ഇസ്രായേൽ പാലസ്തീൻ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന്, ഈ മേഖലയിൽ ജോലി ചെയ്യുന്ന മലയാളിസമൂഹം വലിയ ആശങ്കയിലാണ്.

YouTube video player

ഇസ്രയേലിൽ പാലസ്തീൻ നടത്തിയ റോക്കറ്റാക്രമണത്തെ അപലപിച്ച ഇന്ത്യ ഇരുവിഭാഗങ്ങളും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. സൗമ്യ സന്തോഷിന്‍റെ കുടുംബത്തിന് എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വ്യക്തമാക്കി. കുടുംബവുമായി സംസാരിച്ചെന്നും അവരുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും വി മുരളീധരൻ ട്വിറ്ററിൽ കുറിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona